ബാങ്ക് കവർച്ച:നിരീക്ഷണം, ആസൂത്രണം കൃത്യം

Saturday 15 February 2025 12:50 AM IST

ചാലക്കുടി : പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ മോഷണം നടക്കുമ്പോൾ കൗണ്ടറിനുള്ളിലുണ്ടായിരുന്നത് 47 ലക്ഷം രൂപ. എടുത്തത് 15 ലക്ഷം രൂപ. കെട്ടുകളാക്കി വച്ചിരുന്ന പണത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതമുള്ള മൂന്ന് കെട്ടാണ് ബാഗിനുള്ളിലാക്കി മോഷ്ടാവ് കടന്നത്. മോഷണം നടത്താൻ തിരഞ്ഞെടുത്ത സമയം, മോഷണം നടത്തിയ ശേഷം മൂന്ന് മിനിറ്റിൽ മടങ്ങിയത്.ഇതെല്ലാം കൃത്യമായി ആസൂത്രണത്തോടെ നടത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ബാങ്കിലെ പ്രവർത്തനം കൃത്യമായി നിരീക്ഷിച്ചാണ് മോഷണം നടത്തിയതെന്നാണ് സൂചന. ബാങ്കിൽ ഏഴ് ജീവനക്കാരുണ്ടായിട്ടും ബലപ്രയോഗം ഒന്നുമില്ലാതെയായിരുന്നു കവർച്ച. കൗണ്ടറിന്റെ മുകളിലെ ചില്ല് തകർത്തെങ്കിലും മോഷ്ടിക്കാനാകാത്തതിനാൽ കബോർഡ് തകർത്താണ് കൗണ്ടറിലെ പണം തട്ടിയെടുക്കുന്നത്.

രാജ്യമൊട്ടാകെ

മുന്നറിയിപ്പ്

ഫെഡറൽ ബാങ്ക് കവർച്ചാ കേസിലെ പ്രതിയെ പിടികൂടുന്നതിന് രാജ്യമൊട്ടാകെ മുന്നറിയിപ്പ് നൽകി. കവർച്ച നടന്നതിന് അധികം അകലെയല്ല ചാലക്കുടി റെയിൽവേ സ്‌റ്റേഷൻ. അതുകൊണ്ട് ട്രെയിൻ മാർഗം രക്ഷപ്പെടാനുള്ള സാദ്ധ്യത പൊലീസ് തേടുന്നുണ്ട്. പാലിയേക്കര, പന്ന്യങ്കര ടോൾ പ്ലാസകളിലും മറ്റും പരിശോധന നടത്തിയിരുന്നു. സംസ്ഥാനം വിട്ടുപോകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വാളയാറിലും വാഹന പരിശോധന നടത്തി. ഉടൻ പ്രതിയെ പിടികൂടാനാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്. പഴയ ദേശീയപാതയിൽ ഏറെ തിരക്കുള്ള സ്ഥലത്താണ് ബാങ്ക് സ്ഥിതി . തൊട്ടടുത്ത് ബസ് സ്റ്റോപ്പും നിരവധി കടകളും . ഇത്രയേറെ തിരക്കുള്ള സ്ഥലത്ത് പട്ടാപ്പകൽ ഇത്തരത്തിൽ മോഷണം നടന്നത് പൊലീസിനെ ഞെട്ടിച്ചു.