ഡോ. മാധവ ഭട്ടതിരിക്ക് അന്ത്യാഞ്ജലി
തിരുവനന്തപുരം: പ്രശസ്ത മെഡിക്കൽ ബയോ കെമിസ്ട്രി ശാസ്ത്രജ്ഞനും മുൻ നോബൽ സമ്മാന ജ്യൂറിയുമായ ചെങ്ങന്നൂർ ഇടവൂർ മഠത്തിൽ ഡോ. മാധവ ഭട്ടതിരിക്ക് (97) അന്ത്യാഞ്ജലി. ഇന്നലെ വൈകിട്ട് നാലരയോടെ തൈക്കാട് ശാന്തി കവാടത്തിലായിരുന്നു സംസ്കാരം. മരണാന്തര ചടങ്ങുകൾ 24ന് നടക്കും.
പൈപ്പിൻമൂട് എസ്.എൻ.ആർ.എ ലൈൻ നമ്പർ വൺ 99 എ ഇടവൂർ മഠത്തിലെ പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരം. മന്ത്രി സജി ചെറിയാൻ, വി.കെ.പ്രശാന്ത് എം.എൽ.എ, കോൺഗ്രസ് നേതാവ് കെ.മുരളീധരൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
1985ലെ കെമിസ്ട്രി നോബൽ സമ്മാന ജേതാവിനെ നിശ്ചയിക്കാനുള്ള അഞ്ചംഗ ജൂറിയിൽ അംഗമായിരുന്നു ഡോ. ഭട്ടതിരി. ഇൻസുലിൻ കണ്ടുപിടിച്ച ഫ്രെഡറിക് ബാന്റിംഗ്, ചാൾസ് എച്ച്.ബെസ്റ്റ് തുടങ്ങിയ നോബൽ ജേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പ്രമേഹപഠനത്തിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട്. 1960ൽ അമേരിക്കയിലെ ടെക്സസ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കനേഡിയൻ സർക്കാരിന്റെ നാഷണൽ റിസർച്ച് കൗൺസിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലണ്ടനിലെ റോയൽ സൊസൈറ്റി ഒഫ് കെമിസ്ട്രിയിലെ ആജീവാനന്ത അംഗമായിരുന്നു.
മൂന്നാം ലോക രാജ്യങ്ങളിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനുള്ള ലണ്ടനിലെ ഇന്റർ യൂണിവേഴ്സിറ്റി കൗൺസിൽ ഫോർ ഹയർ സ്റ്റഡീസ് ഇൻ മെഡിസിൻ പ്രതിനിധിയായിരുന്നു. മലേഷ്യയിലും എത്യോപ്യയിലും നൈജീരിയയിലും ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചപ്പോൾ ബയോ കെമസ്ട്രി വിഭാഗം തലവനായിരുന്നു.