കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് തുടക്കം
കോഴിക്കോട്: കെ.എസ്.ടി.എ (കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ) സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കം. പ്രതിനിധി സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് പതാക ഉയർത്തിയതോടെ 34ാം സമ്മേളനത്തിന് തുടക്കമായി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികളുടെ പുഷ്പാച്ചന നടന്നു.
കോഴിക്കോട് ബീച്ചിൽ സമുദ്ര ഓഡിറ്റോറിയത്തിലെ കെ.ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ പ്രതിനിധി സമ്മേളനം ഡോ. രാം പുനിയാനി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണെന്ന് ചിന്തകനും എഴുത്തുകാരനുമായ ഡോ. രാംപുനിയാനി പറഞ്ഞു. ശാസ്ത്രീയവും സാങ്കേതികവുമായ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതിന് പകരം മിത്തുകളും കേട്ടുകേൾവികളും അടിസ്ഥാനമാക്കിയുളള വിദ്യാഭ്യാസ സമ്പ്രദായത്തിനാണ് കേന്ദ്രം വാദിക്കുന്നത്. ഇത് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ നൂറ്റാണ്ടുകളോളം പിറകോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.എഫ്.ഐ പ്രസിഡന്റ് കെ.സി ഹരികൃഷ്ണൻ,എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ,കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സ് ജനറൽ സെക്രട്ടറി ജി.ആർ.പ്രമോദ്,എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സ്വാഗതവും ജനറൽ സെക്രട്ടറി കെ.ബദറുന്നിസ നന്ദിയും പറഞ്ഞു. 16ന് സമ്മേളനം സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നടക്കുന്ന റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.