യുഎഇക്ക് ഇന്ത്യക്കാർ സ്‌പെഷ്യലാണ്; പ്രത്യേക പദ്ധതി ആരംഭിച്ച് രാജ്യം, പ്രവാസികൾക്കും വലിയ അവസരം

Saturday 15 February 2025 12:12 PM IST

അബുദാബി: റെഗുലർ പാസ്‌പോർട്ട് കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും കുടുംബാംഗങ്ങൾക്കുമായി വിസ ഇളവ് വിപുലീകരിച്ച് യുഎഇ. പുതിയ നിയമം പ്രകാരം, സാധുവായ വിസ, റെസിഡൻസി പെർമിറ്റ്, ഗ്രീൻ കാർഡ് എന്നിവ ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ആറ് രാജ്യങ്ങളിൽ നിന്ന് കൂടി യുഎഇയിൽ പ്രവേശിക്കാൻ കഴിയും. ഫെബ്രുവരി 13 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.

നേരത്തെ യുഎസ്‌എ, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിൽ നിന്നായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. പുതിയ നിയമം പ്രകാരം സിങ്കപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള റെസിഡൻസി പെ‌ർമിറ്റുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഹോൾഡർമാർക്കും യുഎഇയിൽ പ്രവേശിക്കാൻ സാധിക്കും. നേരത്തെ വിസ നേടാതെ തന്നെ രാജ്യത്ത് പ്രവേശിക്കാൻ സന്ദർശകർക്ക് അനുമതി നൽകുന്ന പദ്ധതിയാണിത്. ഇത്തരക്കാർ രാജ്യത്ത് വന്നിറങ്ങുമ്പോൾ എൻട്രി വിസ ലഭ്യമാവും. എന്നാൽ ഇങ്ങനെ എത്തുന്നവരുടെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുണ്ടായിരിക്കണം.

മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന ഇന്ത്യൻ പൗരന്മാർക്കുള്ള 14 ദിവസത്തെ എൻട്രി വിസയ്ക്കള്ള ഫീസ് 100 ദി‌ർഹമാണ്. 14 ദിവസത്തേയ്ക്ക് കൂടി വിസ കാലാവധി നീട്ടണമെങ്കിൽ 250 ദിർഹം ഫീസ് നൽകണം. 60 ദിവസത്തേയ്ക്കുള്ള വിസ ഫീസും 250 ദിർഹമാണ്.

പുതിയ പദ്ധതി ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്ത്യയിൽ നിന്നുള്ള കഴിവുള്ള പ്രൊഫഷണലുകളെയും സംരംഭകരെയും ആകർഷിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ആഗോളസാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ മുന്നേറ്റം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. യുഎഇയിൽ ജോലി തേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കും ഈ പദ്ധതി വിനിയോഗിക്കാവുന്നതാണ്.