വേനൽക്കാലത്ത് മിക്കവരും വാങ്ങുന്ന സാധനം; ബ്രാൻഡ് നോക്കിയില്ലെങ്കിൽ പണി കിട്ടും
ചെങ്ങന്നൂർ: വേനൽ ശക്തി പ്രാപിച്ചതോടെ നാട് ചുട്ടുപൊള്ളുന്നു. ഏറ്റവും ഉയർന്ന ചൂടാണ് ഒരാഴ്ചയായി ചെങ്ങന്നൂരിൽ അനുഭവപ്പെടുന്നത്. ജനങ്ങളുടെ ആരോഗ്യത്തെയും ചൂട് ബാധിക്കുകയാണ്.
ദേഹാസ്വാസ്ഥ്യവും പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൂട് വർദദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും ഉച്ചസമയങ്ങളിലെ വെയിൽ ഏൽക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ചൂടിൽ ശരീരത്തിൽനിന്നും ജലനഷ്ടം ഉണ്ടാകാൻ ഇടയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണമെന്നും നിർദേശമുണ്ട്.
വെയിൽ സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽനിന്ന് ജോലി ചെയ്യാൻ പാടില്ല. രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയിൽ വെയിലിന്റെ കാഠിന്യം കൂടുതലായതിനാൽ അധികം സമയം വെയിൽ കൊള്ളാൻ പാടില്ലെന്നും ആരോഗ്യവിഭാഗം പറയുന്നു. ചൂടിനെ മറികടക്കാനായി ശീതളപാനീയങ്ങൾ വാങ്ങി കുടിക്കാൻ ചെങ്ങന്നൂരിലെ ബേക്കറികളിലും സ്റ്റാളുകളിലും മറ്റും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
വാങ്ങരുത് ഗുണനിലവാരമില്ലാത്ത പാനിയങ്ങൾ
ചൂട് മുതലെടുത്ത് ഗുണനിലവാരം കുറഞ്ഞ ഐസ്‌ക്രീമുകളുടെയും പാനിയങ്ങളുടെയും വിൽപ്പന സജീവമായി. പരിശോധനയില്ലാതായതോടെയാണ് ജില്ലയിലാകെ ഇത്തരത്തിൽ ഐസ്‌ക്രീം വിൽപ്പന പൊടിപൊടിക്കുന്നത്. ബ്രാൻഡുകളുടെ പിൻബലമില്ലാതെ വിവിധ തരം പേരുകളിലാണ് വിൽപ്പനയെന്നതും ആശങ്കയുണ്ടാക്കുന്നു. ഉത്സവപറമ്പുകളിലും ആളുകൾ കൂടുന്നിടത്തുമെല്ലാം ഓട്ടോകളിലും ഉന്തുവണ്ടികളിലും മറ്റുമാണ് ഐസ്‌ക്രീമുകൾ എത്തിക്കുന്നതും വിറ്റഴിക്കുന്നതും. വിലകളിൽ മാത്രമല്ല, നിറങ്ങളിലും രുചികളിലും ഗുണനിലവാരത്തിലും മാർക്കറ്റിലെത്തുന്ന ഐസ്‌ക്രീമുകളിൽ പലതും ശരിയായ ആരോഗ്യനിബന്ധനകൾ പാലിക്കാതെ നിർമ്മിക്കുന്നവയാണ്. ഇത്തരം ഉല്പന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിലേക്ക് നയിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. ഭക്ഷ്യവിഷബാധ, മഞ്ഞപ്പിത്തം, വയറിളക്കം, അമിബീയാസിസ്, കോളറ, ടൈഫോയ്ഡ് എന്നീ രോഗങ്ങൾക്ക് സാദ്ധ്യത ഏറെയാണ്.
...............................
ഐസ്‌ക്രീമുകൾ ഗുണനിലവാരം ഇല്ലാത്തതും സജീവമാണ്. പ്രത്യേകിച്ച് ഉത്സവത്തിനും പെരുന്നാളിലും വിൽക്കുന്നത് കേട്ടിട്ടില്ലാത്ത ഐസ് ക്രീമുകളാണ്. ഇത് പല അസുഖത്തിനും കാരണമാകാറുണ്ട്. പൊതുജനം ജാഗ്രത പാലിക്കണം.
(ഡോ.ഷാജി ഫിലിപ്പ്)