കുടുംബ കോടതി ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്
കണ്ണൂർ: കണ്ണൂർ കുടുംബകോടതി ജഡ്ജി ആർ.എൽ. ബൈജുവിന്റെ ചേംബറിൽ വലിപ്പമുള്ള മൂർഖനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ പ്രവേശിക്കുന്ന സമയത്താണ് മൂർഖൻപാമ്പ് പ്രത്യക്ഷപ്പെട്ടത്. ഓഫീസ് അറ്റന്റർ കൂത്തുപറമ്പ് സ്വദേശി സുജേഷാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് ഡ്രൈവർ ശ്രീകണ്ഠാപുരം ചേപ്പറമ്പ് സ്വദേശി കെ.കെ.സുരേന്ദ്രൻ മുഖാന്തിരം ജഡ്ജിയെ വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഈ സമയത്ത് കോടതി പരിസരത്ത് അഭിഭാഷകരും പൊലീസുകാരുമുൾപ്പെടെ നിരവധി പേരുണ്ടായിരുന്നു. കണ്ണൂർ കോടതി വളപ്പിൽ പാമ്പ് ശല്യം രൂക്ഷമാണെന്ന് ജീവനക്കാർ പറഞ്ഞു.
കോടതിയുടെ പുതിയ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കിയിരുന്നു. അതോടൊപ്പം പരിസരത്തെ കാടുകളും വൃത്തിയാക്കിയതോടെയാണ് ഇവയെ പുറത്തുകണ്ടു തുടങ്ങിയത്.