72 കോടിയുടെ വാർഷിക പദ്ധതി
Sunday 16 February 2025 12:38 AM IST
പത്തനംതിട്ട: ജില്ലയുടെ വികസനത്തിന് 72 കോടി രൂപയുടെ വാർഷിക പദ്ധതികൾ വിഭാവന ചെയ്ത് ജില്ലാ പഞ്ചായത്ത്. 2025-26 വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. സർക്കാരിന് പ്രത്യേക താൽപര്യമുള്ള ശുചിത്വപദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളെ തരിശുരഹിതമാക്കുന്നതിനുള്ള പദ്ധതിക്കൊപ്പം കഴിഞ്ഞ വർഷം ആരംഭിച്ച മാലിന്യ സംസ്‌കരണം, എ ബി സി, എസ് ടി പി എന്നിവയ്ക്ക് പ്രാധാന്യം നൽകും. വൈസ് പ്രസിഡന്റ് ബീന പ്രഭ അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി കെ ലതാകുമാരി വാർഷിക പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെർല ബീഗം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, ബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആസൂത്രണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.