ചീഫ് സെക്രട്ടറിയെ കുറ്റപ്പെടുത്തി വീണ്ടും പ്രശാന്തിന്റെ കത്ത്

Sunday 16 February 2025 12:40 AM IST

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ ആക്ഷേപവുമായി സസ്‌പെൻഷനിലുള്ള ഐ.എ.എസ് ഓഫീസർ എൻ.പ്രശാന്ത് വീണ്ടും രംഗത്ത്. പക്ഷപാതപരമായി പെരുമാറുന്നെന്നാണ് അവർക്കയച്ച പുതിയ കത്തിലെ ആരോപണം.

ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച രേഖകൾ അപ്രത്യക്ഷമാകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ തെളിവ് സഹിതം നൽകിയ പരാതി അന്വേഷിക്കാൻ കൂട്ടാക്കുന്നില്ലെന്നും ആരോപിച്ചിട്ടുണ്ട്. ഈമാസം പത്തിനാണ് കത്തയച്ചത്.

ജയതിലകിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചതിനാണ് കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിക്കെ പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസും അതിന് പ്രശാന്ത് നൽകിയ വിവാദ മറുപടിയും ഏറെ ചർച്ചയായിരുന്നു. ജയതിലകിനെതിരെ തെളിവുസഹിതം 2024 നവംബറിൽ നൽകിയ പരാതി അന്വേഷിക്കാൻ കൂട്ടാക്കിയില്ല. പലപ്പോഴായി 7 മറുപടിക്കത്തുകൾ നൽകി. മറുപടികളുടെ തലക്കെട്ട് ' സ്റ്റേറ്റ്മെന്റ് ഒഫ് ഡിഫൻസ്' എന്ന് രേഖപ്പെടുത്താത്തതിനാൽ ചീഫ് സെക്രട്ടറി പരിഗണിക്കുന്നില്ല. ഇത് വിചിത്രമാണ്. നടപടിക്ക് ആധാരമായ രേഖകൾ ആവശ്യപ്പെട്ടിട്ട് മൂന്നു തവണ എഴുതി. ഒരു മാസം വൈകിപ്പിച്ച ശേഷമാണ് അവ ലഭ്യമാക്കിയത്. ഹിയറിംഗ് നടത്തുന്നത് റെക്കാഡ് ചെയ്ത് സ്ട്രീം ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. ഇനി ചീഫ് സെക്രട്ടറിക്ക് ഓൺലൈനായി മാത്രമേ കത്ത് അയയ്ക്കൂവെന്നും പറയുന്നു.