കേരളത്തിലെ കായലുകളിൽ പുതിയ ശത്രു : ശരീരത്തിൽ തട്ടിയാൽപ്പോലും പ്രശ്നം, കണ്ണിലായാൽ മരണം ഉറപ്പ്

Sunday 16 February 2025 10:31 AM IST

തൃശൂർ: വിഷമുള്ള ബോക്‌സ് ജെല്ലിഫിഷുകൾ (തീച്ചൊറി) കായലിലേക്ക് വ്യാപിച്ചതോടെ മത്സ്യത്തൊഴിലാളികൾ ഭീതിയിൽ. വേനലിലും കടലേറ്റ സമയത്തും ഉപ്പുവെള്ളം ഉൾനാടൻ ജലാശയങ്ങളിലേക്ക് കയറുന്നതോടെയാണ് ജെല്ലിഫിഷെത്തിയത്. തൃശൂരിലെ കനോലി കനാലിൽ ജെല്ലിഫിഷ് വ്യാപകമായുള്ളത്.

ഇവയുടെ ശരീരത്തിന്റെ അടിയിലുള്ള സ്പർശിനികളിലാണ് (ടെന്റക്കിൾ) വിഷവസ്തു കാണപ്പെടുന്നത്. ജെല്ലിഫിഷുകൾ വലയിലായാൽ ഇവയെ ഒഴിവാക്കുന്നതിനിടെ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിലും അസ്വസ്ഥതകളുമുണ്ടാകും. മുറിവിലെത്തിയാലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും.

കഴിഞ്ഞവർഷം തിരുവനന്തപുരം പുല്ലുവിള സ്വദേശി കടലിൽ മീൻ പിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയ ജെല്ലിഫിഷിനെ മാറ്റുന്ന സമയത്ത് ഇവയുടെ ഭാഗം കണ്ണിൽ തെറിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. അലർജി ബാധിച്ച് കണ്ണിൽ നീര് വന്നതോടെ ചികിത്സ തേടിയെങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം മരിച്ചു.

ഉപ്പുവെള്ളം പ്രശ്‌നം

ഉപ്പുവെള്ളത്തിലേ ഇവയ്ക്ക് ജീവിക്കാനാകൂ. കാലാവസ്ഥാ വ്യതിയാനം കാരണം ഉൾനാടൻ ജലാശയങ്ങളിലേക്ക് ഉപ്പുവെള്ളമെത്തുന്നുണ്ട്. മഴ പെയ്ത് കനാലിലെ വെള്ളത്തിലെ ഉപ്പ് കുറയുമ്പോൾ ജെല്ലിഫിഷുകൾ കടലിലേക്ക് മടങ്ങും. ഊന്നു വലക്കാരുടെയും വീശുവലക്കാരുടെയും നിത്യവരുമാനത്തിൽ ജെല്ലി ഫിഷ് ഗണ്യമായ കുറവ് വരുത്തുമെന്ന് കേരള യൂണിവേഴ്‌സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് രജിസ്ട്രാറും അക്വാകൾച്ചർ വിദഗ്ദ്ധനുമായ ഡോ.കെ.ദിനേഷ് പറഞ്ഞു.

കയറ്റുമതിയ്ക്കും


ചൈന അടക്കമുള്ള ആഗോളവിപണിയിൽ കടൽച്ചൊറി വിഭവങ്ങൾക്ക് ആവശ്യകത കൂടുതലാണ്. വിഷമില്ലാത്തവയാണ് ഭക്ഷ്യയോഗ്യം. പക്ഷേ,സംസ്‌കരണത്തിലും ഗുണനിലവാരത്തോടെ വിൽക്കുന്നതിലും വേണ്ട പരിചയമുള്ളവരില്ല.

കുട പോലെ ശരീരം

ഏറെയും വെള്ള,ചുവപ്പ് നിറത്തിൽ
കുടയെപ്പോലെ ശരീരവും ടെന്റക്കിളും
ശരീരത്തിലെ ജലാംശം: 90%
തൂക്കം: മൂന്ന് കി.ഗ്രാം
ടെന്റക്കിളിന്റെ നീളം: 30 മീറ്റർ വരെ

ബോക്‌സ് ജെല്ലി ഫിഷ് പോലുള്ളവ വിഷമുള്ളവയാണ്. വേനൽക്കാലത്ത് ഇവയുടെ സാന്നിദ്ധ്യം കൂടും.

-ഡോ.ടി. പ്രദീപ് കുമാർ
വൈസ് ചാൻസലർ
യൂണിവേഴ്‌സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്