ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം, രോഹിത്ത് ശർമ്മയുടെ ഭാവിയിൽ നിർണായക തീരുമാനമെടുത്ത് ബിസിസിഐ

Sunday 16 February 2025 12:35 PM IST

മുംബയ്: നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ നിർണായക തീരുമാനമെടുത്ത് ബിസിസിഐ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പകരം പേസർ ജസ്പ്രീത് ബുംറയെയാണ് ക്യാപ്റ്റനായി ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്.ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് തീരുമാനം. കളിക്കിടെയുണ്ടായ പരിക്കിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ തുടരുകയാണ് ബുംറ.

രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറ മൂന്ന് ടെസ്റ്റുകളിൽ ഇന്ത്യൻ ക്യാപ്റ്റനായിട്ടുണ്ട്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ നിന്ന് രോഹിത് ചില കാരണങ്ങൾ കൊണ്ട് വിട്ടുനിന്നപ്പോൾ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ മിന്നും വിജയം കുറിച്ചിരുന്നു. 295 റൺസിന്റെ ജയമാണ് പെർത്തിൽ ഇന്ത്യ നേടിയത്. പരമ്പരയിലെ അവസാന ടെസ്റ്റിൽ നിന്ന് മോശം ഫോമിനെ തുടർന്ന് രോഹിത് മാറി നിന്നപ്പോഴും ബുംറയായിരുന്നു ക്യാപ്റ്റനായിരുന്നത്.

സിഡ്നിയിൽ നടന്ന ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയസാദ്ധ്യത ഉണ്ടായിരുന്നെങ്കിലും ബുംറ പരിക്കേറ്റ് മാറിയതോടെ ഇന്ത്യ മത്സരം തോൽക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റിലും മുൻപ് ബുംറ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഐപിഎല്ലും കണക്കിലെടുത്താണ് പരിക്ക് പൂർണമായും ഭേദമാകാത്ത ബുംറയെ തിരക്കിട്ട് ചാമ്പ്യൻസ് ട്രോഫിയില്‍ കളിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനമെടുത്തതെന്നാണ് കരുതുന്നത്.