താരങ്ങളാണ് ഇവിടെ മുതലാളി, കാലുപിടിക്കേണ്ട അവസ്ഥ, അവഹേളനം സഹിച്ച നിർമാതാവാണ് താനെന്ന് ശ്രീകുമാരൻ തമ്പി

Sunday 16 February 2025 12:50 PM IST

സിനിമാ നിർമാതാക്കൾ തമ്മിലെ പോര് മുറുകുന്നതിനിടെ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് കവിയും സംവിധായകനും ഗാനരചയിതാവും നിർമാതാവുമായ ശ്രീകുമാരൻ തമ്പി. എല്ലാ തൊഴിൽ മേഖലയിലും പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്. എന്നാൽ സിനിമയിലെ സ്ഥിതി വിപരീതമാണ്. കോടികൾ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥയാണുള്ളതെന്നാണ് ഫേസ്‌ബുക്കിൽ പോസ്റ്റിലൂടെ ശ്രീകുമാരൻ തമ്പി വിമർശിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം

ഏതു തൊഴിൽമേഖലയിലും പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്. എന്നാൽ സിനിമയിലെ സ്ഥിതി വിപരീതമാണ്. അവിടെ പണം മുടക്കുന്നയാൾ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലിചെയ്യുന്ന താരം മുതലാളിയുമാണ്. കോടികൾ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ.

തന്റെ പടത്തിലെ നായികയെയും സാങ്കേതികവിദഗ്ധരേയും തീരുമാനിക്കുന്നതുപോലും താരത്തിന്റെ ഇഷ്ടം നോക്കിയായിരിക്കണം. അഭിനേതാക്കൾ സ്വന്തമായി പടം എടുക്കരുതെന്ന് ഞാൻ ഒരിക്കലും പറയില്ല. തീർച്ചയായും അവർ നിർമ്മാണരംഗത്തു വരണം. എങ്കിൽ മാത്രമേ നിർമ്മാതാവിന്റെ അവസ്ഥ അവർ മനസ്സിലാക്കൂ.

കവി എന്ന നിലയിലോ സംവിധായകൻ എന്ന നിലയിലോ അല്ല ഞാൻ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകൾ സ്വന്തമായി നിർമ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമ്മാതാവ് എന്ന നിലയിലാണ്.