ഇനി പേടിഎം ആപ്പ് വഴി ഹോട്ടൽ ബുക്കിംഗും
മുംബയ്: പണം കൈമാറ്റ രംഗത്തെ പ്രമുഖ ബ്രാന്റായ പേടിഎമ്മിന്റെ ഉടമകളായ വൺ97 കമ്യൂണിക്കേഷൻ ലിമിറ്റഡും സിങ്കപ്പൂർ ആസ്ഥാനമായ ഡിജിറ്റൽ ട്രാവൽ കമ്പനിയായ അഗോഡയും കൈകോർക്കുന്നു. സഞ്ചാരികൾക്ക് ഇന്ത്യയിലേയും ലോകത്തെവിടെയുമുള്ള ഹോട്ടലുകൾ പേടിഎം ആപ്പ് വഴി ബുക്ക് ചെയ്യാൻ ഇത് മൂലം സാധിക്കും. ഫ്ലൈറ്റ്, ട്രെയിൻ, ബസ് ബുക്കിംഗ് സൗകര്യം നേരത്തെ തന്നെ പേടിഎം ട്രാവൽ ലഭ്യമാക്കി വരുന്നുണ്ട്. ഇതോടെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നൽകുന്ന സ്ഥാപനമായി പേടിഎം മാറിയിരിക്കയാണെന്ന് പേടിഎം ട്രാവൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വികാസ് ജെയിൻ പറഞ്ഞു. അയാട്ട അംഗീകൃത ട്രാവൽ ഏജന്റായ പേടിഎം ട്രാവൽ, സൗജന്യ ക്യാൻസലേഷൻ, ഉടനടി റീഫണ്ട്, ട്രാവൽ ഇൻഷ്വറൻസ് തുടങ്ങിയ സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമാക്കുന്നു. ബാങ്കുകളുമായുള്ള പേടിഎമ്മിന്റെ പങ്കാളിത്തം സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദവുമാണ്.