പഠനത്തിനൊപ്പം ജോലിയുമായി ക്യാമ്പസ് വ്യവസായ പാർക്കുകൾ

Monday 17 February 2025 12:58 AM IST

സന്നദ്ധരായി നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കൊച്ചി: സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കാൻ താത്പര്യവുമായി 100ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിനെ സമീപിച്ചു. വിദ്യാർത്ഥികളിൽ സംരംഭകത്വ താത്പര്യം വളർത്താനും വ്യവസായങ്ങൾക്കുള്ള ഭൂമിലഭ്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ജൂണിലാണ് പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടത്. ഏതാനും ക്യാമ്പസുകളിൽ പദ്ധതി പുരോഗമിക്കുന്നു.

പത്ത് സ്ഥാപനങ്ങളുമായി സർക്കാർ ധാരണയിലെത്തി. അഞ്ച് ഏക്കറിലധികം ഭൂമിയുള്ള സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് അപേക്ഷ സ്വീകരിച്ചത്. തുടർ പരിശോധന അവസാനഘട്ടത്തിലാണ്. കൂടുതൽ ക്യാമ്പസ് വ്യവസായ പാർക്കുകൾ വരുന്നതോടെ വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം കുറയുമെന്നാണ് പ്രതീക്ഷ.

 വ്യവസായ മേഖലയാകും
മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കും. ക്യാപ്പിറ്റൽ ഇൻസെന്റീവും സർക്കാരിൽ നിന്ന് ലഭിക്കും.

 ഗ്രേസ് മാർക്കും
പാർട്ട് ടൈം ജോലിക്ക് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനും ആലോചനയുണ്ട്. രാവിലെ പഠനവും വൈകിട്ട് ജോലിയുമെന്ന നിലയിലാകും ക്യാമ്പസ് വ്യവസായ പാർക്കുകളുടെ പ്രവർത്തനം.

നാട്ടിൽ തൊഴിലവസരം കൂടിയതോടെ, വിദേശത്ത് പോയവരെല്ലാം മടങ്ങുകയാണ്. 10 സ്ഥാപനങ്ങൾക്ക് ക്യാമ്പസ് വ്യവസായ പാർക്കിനുള്ള അനുമതി നൽകാനാണ് ആലോചിക്കുന്നത്
പി. രാജീവ്
വ്യവസായമന്ത്രി