8 ദിവസം, 5 അകാല മരണം: കെ.എസ്.ആർ.ടി.സി ജീവനക്കാർ ഭീതിയിൽ

Monday 17 February 2025 12:02 AM IST

തിരുവനന്തപുരം: ഫെബ്രുവരി 7ന് കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ മണികണ്ഠൻ, 9ന് പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ ആർ.വി.അരുൺ, 12ന് വടകരയിലെ കണ്ടക്ടർ കെ.മുരളി, 14ന് കുമിളിയിലെ ഇൻസ്പെക്ടർ പ്രദീപ്‌കുമാർ, പത്തനംതിട്ടയിലെ ഡ്രൈവർ പി.കെ.അശോകൻ നായർ...

എട്ടു ദിവസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയിൽ 5 ജീവനുകളാണ് നഷ്ടപ്പെട്ടത്. ഈ വർഷം 46 ദിവസത്തിനുള്ളിൽ അകാലചരമം പൂകിയവരുടെ എണ്ണം 16. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു മരണം!
മിക്കവരുടെയും മരണകാരണം ഹൃദയസ്തംഭനം. ചിലരുടേത് ആത്മഹത്യ.

മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഭീതിയിലാണ് ഈ പൊതുമേഖലാ സ്ഥാനപനത്തിലെ ജീവനക്കാർ. അമിതമായ ജോലിഭാരവും ശിക്ഷാനടപടികൾ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദവുമാണ് അകാല മരണങ്ങൾ വർദ്ധിക്കുന്നതിനു കാരണമെന്ന് നിഗമനം. ഇതു സംബന്ധിച്ച് പഠനം നടത്തുന്നതിനോ പരിഹാര നടപടികൾ സ്വീകരിക്കുന്നതിനോ കെ.എസ്.ആർ.ടി.സി മാനേജ്മെന്റോ ഗതാഗതവകുപ്പോ തയ്യാറായിട്ടില്ല.

ജീവനക്കാർ കുറഞ്ഞു;

ജോലിഭാരം കൂടി

2018നുശേഷം കെ.എസ്.ആർ.ടി.സിയിൽ സ്ഥിരനിയമനം ഉണ്ടായിട്ടില്ല. 10 വർഷം മുമ്പ് 8,500 താത്കാലിക ജീവനക്കാരുൾപ്പെടെ 43,000 ജീവനക്കാരുണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 23,000 സ്ഥിരം ജീവനക്കാരും 3200 താത്കാലിക ജീവനക്കാരും.

മിക്കപ്പോഴും ഡബിൾ ഡ്യൂട്ടി, ഒന്നര ഡ്യൂട്ടി എന്നിവ ചെയ്യേണ്ടി വരുന്നു.ആഹാരക്രമീകരണം ആവശ്യമുള്ളവർക്ക് ഡ്യൂട്ടിമാറ്റം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.കളക്ഷൻ ടാർജറ്റ് സൃഷ്ടിക്കുന്ന സമ്മർദ്ദം

മെഡ‌ിസെപ്പ് പോലുള്ള ആരോഗ്യപദ്ധതികൾ ഇല്ല. ആരോഗ്യപ്രശ്നങ്ങളുണ്ടായാലും ലീവ് കിട്ടാൻ ബുദ്ധിമുട്ട്. പെട്ടെന്ന് ലീവെടുത്താൻ കാരണംകാണിക്കൽ നോട്ടീസ്. പിന്നാലെ നടപടി.

കൃത്യതയില്ലാത്ത ശമ്പള വിതരണം. ചികിത്സയ്ക്കുപോലും പി.എഫിൽ നിന്നും ലോൺ കിട്ടാത്ത അവസ്ഥ. തലേദിവസം മദ്യപിച്ചാലും ഡ്യൂട്ടിക്കെത്തുമ്പോൾ പരിശോധനയും അവഹേളനവും.

കൃത്യമായി ശമ്പളം നൽകാത്തതും ആനൂകൂല്യങ്ങൾ നിഷേധിക്കുന്നതും ജീവനക്കാരിൽ ഒരു വിഭാഗത്തെ കടബാദ്ധ്യതയിലാക്കുന്നു. സമ്മർദ്ദം കൂടിയാകുമ്പോൾ പലർക്കും താങ്ങാനാവുന്നില്ല

- എം.ജി. രാഹുൽ, സെക്രട്ടറി

ട്രാസ്പോർട്ട് എപ്ലോയീസ് യൂണിയൻ