ഐ.ടി വളർച്ച വെറും പൊങ്ങച്ചം: കെ. സുധാകരൻ

Monday 17 February 2025 12:05 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.ടി മേഖലയിലുണ്ടായ വളർച്ചയുടെ കാര്യത്തിൽ പൊങ്ങച്ചത്തിൽ കവിഞ്ഞൊന്നുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് എം.എസ്.എം.ഇ സർവേയിൽ കേരളം ഒന്നാമതായിരുന്നു. കേരളത്തിന്റെ ഐ.ടി കയറ്റുമതി ഇപ്പോൾ 24,000 കോടിയുടേതാണ്. കർണാടകത്തിന്റേത് 4.11 ലക്ഷം കോടിയും തെലുങ്കാനയുടേത് 2 ലക്ഷം കോടിയുമാണ്. തമിഴ്നാടിന്റേത് 1.70 ലക്ഷം കോടി. സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടർ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സി.പി.എം മനംമാറ്റം നടത്തിയതിനെ സ്വാഗതം ചെയ്യും. അല്ലാതെ വീമ്പിളക്കരുതെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്രസർക്കാർ 2020ൽ കൊണ്ടുവന്ന ഉദ്യം പദ്ധതിയിൽ കടകളുടെ രജിസ്‌ട്രേഷൻ നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായത്.

ഇതിൽ രജിസ്റ്റർ ചെയ്താൽ വായ്പയും സബ്സിഡിയും കിട്ടാൻ എളുപ്പമായതിനാൽ ആളുകൾ വ്യാപകമായി രജിസ്‌ട്രേഷൻ നടത്തി. കുടുംബശ്രീ സംരംഭങ്ങളും രജിസ്റ്റർ ചെയ്തു. അങ്ങനെയാണ് എണ്ണം കൂടിയത് -സുധാകരൻ പറഞ്ഞു.