സിനിമയിൽ പണം മുടക്കുന്നവൻ തൊഴിലാളി: ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: മറ്റ് തൊഴിൽ മേഖലകളിൽ പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്. എന്നാൽ സിനിമയിലെ സ്ഥിതി വിപരീതമാണെന്ന് ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി. സിനിമയിൽ പണം മുടക്കുന്നയാൾ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലിചെയ്യുന്ന താരം മുതലാളിയുമാണെന്ന് അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
'കോടികൾ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ. തന്റെ പടത്തിലെ നായികയെയും സാങ്കേതികവിദഗ് ധരേയും തീരുമാനിക്കുന്നതു പോലും താരത്തിന്റെ ഇഷ്ടം നോക്കിയായിരിക്കണം. അഭിനേതാക്കൾ സ്വന്തമായി പടമെടുക്കരുതെന്ന് ഞാൻ ഒരിക്കലും പറയില്ല. തീർച്ചയായും അവർ നിർമ്മാണ രംഗത്തു വരണം. എങ്കിൽ മാത്രമേ നിർമ്മാതാവിന്റെ അവസ്ഥ അവർ മനസ്സിലാക്കൂ. കവി എന്ന നിലയിലോ സംവിധായകൻ എന്ന നിലയിലോ അല്ല ഞാൻ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകൾ സ്വന്തമായി നിർമ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമ്മാതാവ് എന്ന നിലയിലാണ്'..