നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കേരളമിറങ്ങുന്നു രഞ്ജി ഫൈനൽ ലക്ഷ്യമിട്ട്, രവി ബിഷ്‌ണോയിയടക്കം ദേശീയ താരക്കരുത്തിൽ ഗുജറാത്ത്
അഹമ്മദാബാദ്: രഞ്ജി ട്രോഫി ഫൈനൽ ലക്ഷ്യമിട്ട് ഇന്ന് തുടങ്ങുന്ന സെമിപോരാട്ടത്തിൽ കേരളം ഗുജറാത്തിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അൽപസമയത്തിനകം പോരാട്ടം ആരംഭിക്കും. ജിയോ സിനിമ ആപ്പിൽ തത്സമയം മത്സരം കാണാനാകും.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സൽമാൻ നിസാറിലാണ് കേരളത്തിന്റെ പ്രതീക്ഷ. മുഹമ്മദ് അസ്ഹറുദ്ദീൻ, നിധീഷ് എം.ഡി, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർ മികച്ച ഫോമിൽ ആണെന്നുള്ളത് കേരളത്തിന്റെ സാദ്ധ്യതകളെ വർദ്ധിപ്പിക്കുന്നു. പത്താം നമ്പർ വരെ നീളുന്ന കരുത്തുറ്റ ബാറ്റിംഗ് നിര തന്നെയാണ് സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന കേരളത്തിന്റെ പ്ലസ് പോയിനറ്.
മുംബയ്, ബറോഡ തുടങ്ങിയ പ്രമുഖ ടീമുകളെ തോല്പിച്ചെത്തിയ കeശ്മീരിനെ ക്വാർട്ടറിൽ ഒന്നാം ഇന്നിംഗ്സിലെ ഒരു റൺസ് ലീഡിന്റെ പിൻബലത്തിൽ മറികടന്നാണ് കേരളം സെമിയിൽ എത്തിയത്. രഞ്ജി ചരിത്രത്തിൽ കേരളത്തിന്റെ രണ്ടാം സെമി ഫൈനൽ പ്രവേശനമാണിത്. ഇതിന് മുൻപ് 2018/19 സീസണിലാണ് കേരളം രഞ്ജി സെമി ഫൈനൽ കളിച്ചത്. അന്ന് വിദർഭയോട് തോറ്റിരുന്നു.
ക്വാർട്ടറിൽ മുൻ ചാമ്പ്യൻമാരായ സൗരാഷ്ട്രയ്‌ക്കെതിരെ ഇന്നിംഗ്സ് ജയം നേടിയാണ് ഗുജറാത്ത് സെമിയ്ക്ക് യോഗ്യത നേടിയത്. ഇന്ത്യൻ ടീമംഗമായ രവി ബിഷ്‌ണോയി, ഉർവി പട്ടേൽ, ജയ്മീത്ത് പട്ടേൽ തുടങ്ങിയവരെല്ലാം ഉൾപ്പെട്ട ഗുജറാത്ത് ശക്തമായ ടീമാണ്. കർണാടക, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ വമ്പന്മാരടങ്ങിയ സി ഗ്രൂപ്പിൽ നിന്നും അട്ടിമറികളിലൂടെയാണ് കേരളം സെമി വരെ എത്തിയിരിക്കുന്നത്. അതേസമയം 2016-17 സീസണിൽ ചാമ്പ്യന്മാരായിരുന്നു ഗുജറാത്ത്. 2019-20 സീസണിലാണ് അവസാനമായി സെമി കളിച്ചത്.