'14ാം വയസിലാണ് പെണ്ണുകാണാൻ വന്നത്, അന്ന് എന്താണ് നടക്കുന്നതെന്ന് മനസിലായില്ല'; നടൻ സോമനെക്കുറിച്ച് സുജാത

Monday 17 February 2025 10:53 AM IST

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ നടനവിസ്‌മയങ്ങളിലൊരാളാണ് എം ജി സോമൻ. വില്ലൻ വേഷങ്ങളിലും കാമ്പുറ്റ കഥാപാത്രങ്ങളായി അദ്ദേഹം തിളങ്ങി. ഇപ്പോഴിതാ നടനെക്കുറിച്ചുള്ള ഓർമ്മകൾ കേരള കൗമുദി മൂവീസിനോട് പങ്കുവയ്ക്കുകയാണ് ഭാര്യ സുജാത.

'പതിനാലാം വയസിൽ ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴായിരുന്നു വിവാഹം. കല്യാണമാണെന്ന് വീട്ടുകാർ പറഞ്ഞിരുന്നില്ല. ഒൻപതാം ക്ളാസിൽ പഠിക്കുകയായിരുന്നു അന്ന്. അച്ഛന്റെ കൂട്ടുകാർ വരുന്നതിനാൽ ഇന്ന് സ്‌കൂളിൽ പോകേണ്ട എന്ന് പറഞ്ഞു. മൂത്ത ആങ്ങളയാണ് സാരി ഉടുപ്പിച്ചത്. നീ ചായ കൊണ്ട് കൊടുക്കൂവെന്ന് അമ്മയും പറഞ്ഞു. അപ്പോഴൊന്നും എനിക്ക് മനസിലായിരുന്നില്ല. അന്ന് ആരുടെയും മുഖത്ത് പോലും ഞാൻ നോക്കിയില്ലായിരുന്നു. കുറേ ദിവസങ്ങൾ കഴിഞ്ഞ് വീട്ടുകാരുടെ സംസാരമൊക്കെ കേട്ടപ്പോഴാണ് എന്റെ കല്യാണമാണെന്ന് മനസിലായത്. കല്യാണത്തിന് മുൻപ് ഞാൻ സിനിമ കണ്ടിട്ടില്ലായിരുന്നു. സോമേട്ടനൊടൊപ്പം ഏഴ് രാത്രികൾ എന്ന സിനിമയാണ് ആദ്യമായി കാണുന്നത്. 16 വയസിലായിരുന്നു മോനുണ്ടായത്. ഒന്നര വർഷം കഴിഞ്ഞപ്പോൾ മോളുമുണ്ടായി'- സുജാത പറഞ്ഞു.

നടൻ സോമന് 27 വയസുണ്ടായിരുന്നപ്പോഴായിരുന്നു വിവാഹം. അന്ന് സിനിമയിൽ എത്തിയിരുന്നില്ല. എയർഫോഴ്‌സിൽ ജോലി ചെയ്യുകയായിരുന്നു. നാടകാഭിനയം അന്നുമുണ്ടായിരുന്നു. 1973ലാണ് സോമൻ സിനിമയിൽ എത്തിയത്. ലേലം, ഉള്ളടക്കം, അവളുടെ രാവുകൾ, ചിത്രം, കമ്മിഷണർ തുടങ്ങിയ സിനിമകളിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടൻ 1997ൽ 56ാം വയസിലാണ് ലോകത്തോട് വിടപറഞ്ഞത്.