മുട്ട പുഴുങ്ങിയ വെള്ളം വെറുതെ കളയല്ലേ, ഗുണമറിഞ്ഞാൽ ഒരുതുള്ളി പോലും പാഴാക്കില്ല

Monday 17 February 2025 3:24 PM IST

മിക്കവാറും വീടുകളിൽ ആഴ്‌ചയിൽ ഒരു ദിവസമെങ്കിലും മുട്ട പുഴുങ്ങാറുണ്ട്. മുട്ട പുഴുങ്ങാനായി ഉപയോഗിക്കുന്ന വെള്ളം പുറത്ത് കളയുകയായിരിക്കും 90 ശതമാനം പേരും ചെയ്യുന്നത്. എന്നാൽ ഇതിന്റെ ഗുണഫലം അറിഞ്ഞുകഴിഞ്ഞാൽ ആരും ഈ വെള്ളം പാഴാക്കിക്കളയില്ല.

മുട്ട പുഴുങ്ങിയ വെള്ളത്തിൽ ധാരാളമായി ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ചെടികൾക്ക് മികച്ചൊരു വളമാണ്. മുട്ട തിളപ്പിക്കുന്ന സമയത്ത് മുട്ടത്തോടിലെ കാൽസ്യം വെള്ളവുമായി കലരും. ഇത് പ്രകൃതിദത്തമായ ഒരു വളമാണ്. മുട്ടത്തോടിൽ നിന്നുള്ള കാൽസ്യം മണ്ണിലെ പിഎച്ച് ബാലൻസ് ചെയ്യാൻ സഹായിക്കും. ഇതുമൂലം മണ്ണിൽ നിന്ന് കൂടുതൽ പോഷകങ്ങൾ വലിച്ചെടുക്കാൻ ചെടികൾക്ക് സാധിക്കും. തക്കാളി, കുരുമുളക് എന്നീ ചെടികൾക്കാണ് ഇത് ഏറ്റവും ഗുണം ചെയ്യുന്നത്. മുട്ട പുഴുങ്ങിയ വെള്ളം തണുത്തതിന് ശേഷം ചെടികൾക്ക് തളിച്ചുകൊടുക്കാം. മികച്ച രീതിയിൽ ആരോഗ്യത്തോടെ ചെടികൾ വളരുന്നതും കായ്ക്കുന്നതും കാണാം.

മുട്ട തിളപ്പിച്ച വെള്ളം മാത്രമല്ല, മുട്ടത്തോടും ചെടികൾക്ക് മികച്ച വളമാണ്. മുട്ടത്തോട് ഉണക്കിപ്പൊടിച്ചതിനുശേഷം ചെടിക്ക് ചുറ്റുമുള്ള മണ്ണിൽ കലർത്തിയാൽ മതിയാവും. മുട്ടത്തോടിലുള്ള കാൽസ്യം, മഗ്നീഷ്യം എന്നിവ ചെടികളുടെ കരുത്തുറ്റ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. കാൽസ്യം ചെടിയുടെ കോശങ്ങൾക്ക് ബലവും രോഗപ്രതിരോധ ശേഷിയും നൽകുന്നു, മഗ്നീഷ്യം ഇലകൾക്ക് പച്ചനിറവും. ഇലകളിലെ മഞ്ഞളിപ്പ് മാറാനും മുട്ടത്തോട് വളരെ നല്ലതാണ്.