ഇന്ത്യൻ സൈന്യം കാശ്മീർ വിടണം, കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനിൽ നിന്ന് സന്ദേശം
കൊല്ലം : ഇന്ത്യൻ സൈന്യം കാശ്മീർ വിടണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനിൽ നിന്ന് സന്ദേശം. കൊല്ലം കളക്ടറേറ്റിലേക്കാണ് പാകിസ്ഥാനിൽ നിന്ന് വാട്സാപ്പ് സന്ദേശമെത്തിയത്. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‌സാപ്പ് നമ്പറിലേക്കാണ് സന്ദേശം വന്നത്. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാകിസ്ഥാനിൽ ഉപയോഗത്തിലുള്ള 82ൽ ആരംഭിക്കുന്ന മൊബൈൽ നമ്പരിൽ നിന്നാണ് സന്ദേശം വന്നത്. ചൊവ്വാഴ്ച രാത്രി 10.45നാണ് ഹിന്ദി, ഉറുദു ഭാഷകളിൽതയ്യാറാക്കിയ സന്ദേശം എത്തിയത്. ജമ്മു കാശ്മീരിൽ നിന്ന് സൈനമ്യം പിൻമാറണമെന്നുള്ളതാണ് സന്ദേശത്തിലെ പ്രധാന ആവശ്യം.
കാശ്മീർ തങ്ങളുടെ രാജ്യമാണെന്നും ഇന്ത്യ തുലയട്ടെ എന്നും സന്ദേശത്തിൽ പറയുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നത്. ഇന്റലിജൻസ് മേധാവി ദേശീയ സുരക്ഷാ ഏജൻസികൾക്കും സംഭവത്തിന്റെ വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജൻസിയും വിഷയത്തിൽ അന്വേഷണം നടത്തും.