ഐ.ഒ.ബിയിലെ ജാതി അധിക്ഷേപം: കുറ്റപത്രം ഉടൻ നൽകും; ഒരു പ്രതിയെ ഒഴിവാക്കും

Tuesday 18 February 2025 12:02 AM IST

കൊച്ചി: ഇന്ത്യൻ ഓവർസീസ് ബാങ്കിലെ (ഐ.ഒ.ബി) അസിസ്റ്റന്റ് മാനേജരായ ദളിത് യുവാവിനെ മേലുദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും.ഇക്കഴിഞ്ഞ ഡിസംബറിലാണ് മുളവുകാട് സ്വദേശി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.

ഐ.ഒ.ബി കൊച്ചി റീജിയണൽ ഓഫീസിലെ അസിസ്റ്റന്റ് ജനറൽ മാനേജർ കശ്മീർ സിംഗ്, ചീഫ് റീജിയണൽ മാനേജർ നിതീഷ് കുമാർ സിൻഹ എന്നിവരാണ് പ്രതികൾ. പട്ടികജാതിക്കാരനായ കശ്മീർ സിംഗിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും. പട്ടികജാതി-പട്ടികവർഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം ഇയാൾക്കെതിരെ ചുമത്താൻ കഴിയില്ല.

നിതീഷ് കുമാർ സിൻഹയ്‌ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കേസന്വേഷണം എറണാകുളം അസി. കമ്മിഷണർ കെ. ജയകുമാറിന് കൈമാറുകയായിരുന്നു.

ബാങ്കിലെ സി.സി.ടിവി ദൃശ്യങ്ങൾ ചോദിച്ചിട്ടും പൊലീസിന് ലഭിച്ചിട്ടില്ല. ഉടൻ കൈമാറണമെന്ന് നിർദേശിച്ചിട്ടുണ്ട്. ലഭിച്ചില്ലെങ്കിൽ കുറ്റപത്രം നൽകിയശേഷം പിടിച്ചെടുത്ത് സി.സി.ടിവി ദൃശ്യങ്ങൾ പിന്നീട് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.

അസിസ്റ്റന്റ് മാനേജരാണെങ്കിലും

ചായവാങ്ങണം, ചെടി നനയ്ക്കണം

മേലുദ്യോഗസ്ഥർക്ക് ചായയും മരുന്നും വാങ്ങാൻ പറഞ്ഞയയ്‌ക്കൽ, റീജിയണൽ ഓഫീസിലെ ചെടി നനപ്പിക്കൽ, ഭാര്യമാരുടെ ബാങ്ക് പാസ് ബുക്ക് പതിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ ഉദ്യോഗസ്ഥർ ചെയ്യിപ്പിച്ചു. ജാതീയമായി അധിക്ഷേപിച്ചു. ഒരു തവണ എതിർത്തപ്പോൾ മർദ്ദിച്ചു. മുളവുകാട് പൊലീസിൽ പരാതി നൽകിയെങ്കിലും ഭീഷണിയെ തുടർന്ന് പിൻവലിക്കേണ്ടിവന്നു. ഇതിനുശേഷവും അധിക്ഷേപം തുടർന്നു. അഹമ്മദാബാദിലേക്ക് സ്ഥലം മാറ്റാനുള്ള ഉത്തരവിറക്കി. 11 വർഷത്തെ സർവീസിനുള്ള ശമ്പള വർദ്ധന അടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞു. ബാങ്കിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

`ഔദ്യോഗിക പരാതികൾ ബാങ്കിലെ അംഗീകൃത യൂണിയനുകളിൽ നിന്നോ ഓഫീസേഴ്‌സ് അസോസിയേഷനിൽ നിന്നോ എസ്.സി-എസ്.ടി എംപ്ലോയീസ് അസോസിയേഷനുകളിൽ നിന്നോ ലഭിച്ചിട്ടില്ല.' -രാജേന്ദ്ര സിംഗ് അസി. ജനറൽ മാനേജർ ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം റീജയണൽ ഓഫീസ്