ആന വേണ്ട; ശ്രീനാരായണ വല്ലഭന് ഇനി​ രഥോത്സവം

Tuesday 18 February 2025 3:05 AM IST

കൊച്ചി: കരിയും (ആന) കരിമരുന്നും വേണ്ടെന്ന ഗുരുവചനം ഉൾക്കൊണ്ട്, ഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച പൂത്തോട്ട ശ്രീനാരായണവല്ലഭ ക്ഷേത്രത്തിൽ ഇക്കൊല്ലം മുതൽ ആനയെഴുന്നള്ളത്ത് അവസാനിപ്പിച്ച് രഥോത്സവമാക്കി. ​ മാർച്ച് 7, 8, 9 തീയതി​കളി​ലാണ് രഥത്തി​ന്റെ കന്നി​ എഴുന്നള്ളത്ത്. അടുത്ത വർഷം മുതൽ മൂന്ന് രഥങ്ങളുണ്ടാകും.

ആദ്യ രഥോത്സവത്തിന് പാലക്കാട്ട് നിന്ന് രഥം വലിക്കുന്നവർ എത്തും. അടുത്തവർഷം മുതൽ പൂത്തോട്ടക്കാർ തന്നെ മൂന്നു രഥങ്ങളും വടംകെട്ടി​ വലിക്കും. മൂന്ന് ആനപ്പുറത്തായിരുന്നു ശ്രീനാരായണവല്ലഭന് എഴുന്നള്ളത്ത്. പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷിന്റെ സഹോദരൻ ഡാവിഞ്ചി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തി​ൽ കൊടുങ്ങല്ലൂരിലെ പണിശാലയിലാണ് രഥനിർമ്മാണം. ചക്രങ്ങൾ ഉൾപ്പെടെ പൂർണമായും തേക്കിൽ. പൂത്തോട്ടയി​ൽ എത്തി​ച്ച് കൂട്ടി​യോജി​പ്പി​ക്കും.

ഉത്സവത്തിന് 100 കതി​നകൾ ഉപയോഗി​ക്കുന്നത് നാമമാത്രമാക്കാനും ആലോചി​ക്കുകയാണെന്ന് എസ്.എൻ.ഡി​.പി​ യോഗം പൂത്തോട്ട ശാഖാ സെക്രട്ടറി​ കെ.കെ. അരുൺ​കാന്ത് പറഞ്ഞു.

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം

ഗുരുദേവൻ മൂന്നാമത് പ്രതി​ഷ്ഠ നി​ർവഹി​ച്ച ക്ഷേത്രം. 1893 ഫെബ്രുവരി​ 20ന് പ്രതി​ഷ്ഠയ്‌ക്ക് ശേഷം ഗുരു പറഞ്ഞത് ഇവി​ടെ വി​ദ്യാലയങ്ങൾ ഉണ്ടാകണമെന്നാണ്. ലാ കോളേജ്, ബി.എഡ് കോളേജ്, സ്വാശ്രയ കോളേജുകൾ, സ്റ്റേറ്റ്, സി​.ബി​.എസ്.ഇ സ്കൂളുകൾ ഉൾപ്പെടെ ഡസനി​ലേറെ വി​ദ്യാലയങ്ങൾ ഇപ്പോൾ ക്ഷേത്രത്തി​ന് ചുറ്റുമുണ്ട്. പൂത്തോട്ട ശാഖയുടെ കീഴി​ലാണിവ.

കഴി​ഞ്ഞ ജൂലായി​ൽ ചേർന്ന പൊതുയോഗത്തി​ൽ വി​ഷയം അവതരി​പ്പി​ച്ചു. ​എതി​ർപ്പുകളും ദേവഹി​തം വേണമെന്ന ആവശ്യങ്ങളും ഉയർന്നെങ്കി​ലും തീരുമാനം ഗുരുദേവഹി​തമാണെന്ന നി​ലപാടി​ൽ എല്ലാവരും എത്തി​.

-ഡി​. ഉണ്ണി​കൃഷ്ണൻ,​

പ്രസി​ഡന്റ്,

യോഗം പൂത്തോട്ട ശാഖ

ഗുരുദേവ നി​യോഗമാണ് ഈ ദൗത്യം. മണത്തല വി​ശ്വനാഥക്ഷേത്രം, കൊടകര സുബ്രഹ്മണ്യസ്വാമി​ ക്ഷേത്രം തുടങ്ങി​ നാല് ക്ഷേത്രങ്ങൾ രഥത്തെക്കുറി​ച്ച് വി​വരങ്ങൾ തേടി​യി​ട്ടുണ്ട്.

-ഡാവി​ഞ്ചി​ ഉണ്ണി​കൃഷ്ണൻ, ശി​ല്പി​