കടുവാഭീതി; സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ച അവധി, ഹോസ്റ്റലിലുള്ളവരോട് വീട്ടിലേയ്ക്ക് മടങ്ങാൻ നിർദേശം

Tuesday 18 February 2025 12:36 PM IST

കൽപ്പറ്റ: വയനാട് തലപ്പുഴയിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ തലപ്പുഴ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ച അവധി. ഒരാഴ്‌ച പഠനം ഓൺലൈനായി നടത്തുമെന്നാണ് കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നത്. കോളേജ് ഹോസ്റ്റലുകളിലും തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാർത്ഥികളോ‌ട‌് വീടുകളിലേയ്ക്ക് മടങ്ങാൻ നിർദേശം നൽകി.

വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കണ്ണോത്ത്‌മല, 44ാം മൈൽ, കമ്പിപ്പാലം, തലപ്പുഴ എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലാണ് കടുവയുടേതെന്ന് കരുതപ്പെടുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. പിന്നാലെ ജനങ്ങളുടെ വലിയ പ്രതിഷേധം ഉണ്ടായതിനെത്തുടർന്ന് പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചു. 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് വനഭാഗങ്ങളിൽ നിരീക്ഷണവും നടത്തിവരികയാണ്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും രാത്രി ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും വനംവകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. കഴിഞ്ഞമാസം വയനാട് നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. പഞ്ചാരക്കൊല്ലി,​ മേലെ ചിറക്കര,​ പിലാക്കാവ് മൂന്നുറോഡ് ഭാഗം,​ മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു.

അതേസമയം, പഞ്ചാരക്കൊല്ലിയിൽ എസ്റ്റേറ്റ് മേഖലയിൽ ലയങ്ങൾക്ക് പിൻഭാഗത്തായി കടുവയെത്തുന്നത് പതിവാണെന്ന് തോട്ടം തൊഴിലാളികൾ പരാതിപ്പെടുന്നു. രാത്രിയിൽ പുറത്തിറങ്ങാൻ ഭയമാണ്. കുട്ടികളെ പുറത്ത് വിടാനും പുലർച്ചെ ജോലിക്കിറങ്ങാനും സാധിക്കുന്നില്ല. കടുവയുടെ സാന്നിദ്ധ്യമുള്ളതിനാൽ വൈകിയാണ് ജോലിക്കെത്തുന്നതെന്നും തൊഴിലാളികൾ ആശങ്ക പങ്കുവയ്ക്കുന്നു.