ആർ.ഡി.ഒ പരിശോധിച്ചു, പ്രതി പൂവൻകോഴി !

Wednesday 19 February 2025 4:33 AM IST

അടൂർ: അയൽവാസിയുടെ വീട്ടിലെ കോഴി കൂവുന്നതു മൂലം സ്വൈരജീവിതം നഷ്ടപ്പെടുന്നെന്ന് അടൂർ ആർ.ഡി.ഒയ്ക്ക് പരാതി. അന്വേഷണത്തിൽ പൂവൻകോഴി പ്രതിയാണെന്ന് കണ്ടെത്തി. കോഴിക്കൂട് മാറ്റിവയ്ക്കാൻ ആർ.ഡി.ഒ ഉത്തരവിട്ടു.

പള്ളിക്കൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണകുറുപ്പിനാണ് കോഴികൂവലിൽ ഉറക്കംകെട്ടത്. കൊച്ചുതറയിൽ അനിൽ കുമാറിന്റെ വീടിന്റെ ടെറസിലാണ് കോഴിക്കൂട്. പുലർച്ചെ 3 മുതൽ കോഴി കൂവാൻതുടങ്ങും. വാർദ്ധക്യസഹജമായ അസുഖങ്ങളുള്ള തനിക്ക് കൂവൽ സഹിക്കാനാവുന്നില്ല എന്നായിരുന്നു രാധാകൃഷ്‌ണകുറുപ്പിന്റെ പരാതി. തുടർന്ന് ആർ.ഡി.ഒ ബി.രാധാകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. വീടിന്റെ ടെറസിൽ നിന്ന് കോഴിക്കൂട് മാറ്റി വീടിന് പിന്നിൽ സ്ഥാപിക്കാൻ നിർദ്ദേശിച്ചു 14 ദിവസത്തിനുള്ളിൽ ഇത് നടപ്പിലാക്കണം.