പകുതിവില തട്ടിപ്പ്, പന്ത്രണ്ടിടത്ത് ഇ.ഡി റെയ്ഡ്; നിക്ഷേപങ്ങൾ മരവിപ്പിച്ചു, കള്ളപ്പണം വെളുപ്പിച്ചതായും സൂചന
കൊച്ചി: പകുതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തുകൃഷ്‌ണൻ, സായി ഗ്രാമം ഗ്ളോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാർ എന്നിവരുടെ വീടുകളിലുൾപ്പെടെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഇന്നലെ റെയ്ഡ് നടത്തി. എതാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. റെയ്ഡിൽ കള്ളപ്പണയിടപാടുകളുടെ സൂചന ലഭിച്ചതായാണ് വിവരം.
അനന്തുകൃഷ്ണന്റെ തൊടുപുഴ കോളപ്രയിലെ ഓഫീസ്, വീട് എന്നിവിടങ്ങളിലും എൻ.ജി.ഒ കോൺഫെഡറേഷൻ, ജനസേവാ സമിതി എന്നിവയുടെ വിവിധ ഓഫീസുകളിലും റെയിഡ് നടത്തി. ആനന്ദകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്, സായി ഗ്രാമം ട്രസ്റ്റിന്റെ തോന്നയ്‌ക്കലിലെ ഓഫീസ്, അനന്തുകൃഷ്‌ണന്റെ അഭിഭാഷകയായ ലാലി വിൻസെന്റിന്റെ എറണാകുളം ഹൈക്കോടതിക്ക് സമീപത്തെ ഫ്ളാറ്റ് തുടങ്ങിയ ഇടങ്ങളിൽ രാവിലെ ഒമ്പതോടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ ആരംഭിച്ച റെയ്ഡ് രാത്രിവരെ നീണ്ടു. ലാലി വിൻസെന്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഫ്ളാറ്റിലെ പരിശോധന. അനന്തുകൃഷ്ണൻ അറസ്റ്റിലായതോടെ അടച്ചിട്ട നിലയിലായിരുന്നു വീട്. സഹോദരീ ഭർത്താവാണ് വീട് തുറന്നുകൊടുത്തത്.
അനന്തുകൃഷ്‌ണന്റെ ഒരു ബാങ്കിലെ 2.35 കോടിയുടെയും ജനസേവാസമിതിയുടെ 1.69 കോടിയുടെയും ലാലി വിൻസെന്റിന്റെ ഒരുലക്ഷം രൂപയുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചതായാണ് വിവരം.
ഇ.ഡിപരിശോധിച്ചത്
അനന്തുകൃഷ്‌ണനും വിവിധ പേരുകളിൽ രൂപീകരിച്ച സന്നദ്ധസംഘടനകളും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് ഇ.ഡി പ്രധാനമായും പരിശോധിച്ചത്. ബാങ്കിടപാടുകൾ സംബന്ധിച്ച രേഖകളും ഡിജിറ്റൽ രേഖകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ആരെയും ചോദ്യം ചെയ്‌തിട്ടില്ല.
പകുതിവിലയ്‌ക്ക് സ്‌കൂട്ടറുകളുൾപ്പെടെ വാഗ്ദാനം ചെയ്‌തു സമാഹരിച്ച തുകയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന പ്രാഥമിക സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മറ്റാരുടെയെങ്കിലും കള്ളപ്പണവും വെളുപ്പിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. റെയ്ഡിൽ ലഭിച്ച രേഖകളും ബാങ്കുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.