വയ വന്ദനിൽ പുതുതായി ചേർന്ന വയോജനങ്ങൾക്ക് ചികിത്സയില്ല

Wednesday 19 February 2025 12:00 AM IST

ആലപ്പുഴ: എഴുപതു വയസ് പിന്നിട്ടവർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നതിനായി കേന്ദ്രം ആവിഷ്കരിച്ച ആയുഷ്മാൻ വയ വന്ദൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് ചികിത്സകിട്ടുന്നില്ല. എംപാനൽ ചെയ്ത ആശുപത്രികൾക്ക് നിർദ്ദേശം ലഭിക്കാത്തതാണ് കാരണം.

പദ്ധതി തത്കാലം കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്നാണ് നിർദ്ദേശമെന്ന് മേൽനോട്ട ചുമതലയുള്ള തിരുവനന്തപുരത്തെ നോഡൽ ഓഫീസ് വിശദീകരിക്കുന്നു. 70 വയസ് കഴിഞ്ഞ 30 ലക്ഷത്തോളം പേരാണ് കേരളത്തിലുള്ളത്.

കാരുണ്യ ആരോഗ്യ പദ്ധതി (KASP) പ്രകാരം സൗജന്യ ചികിത്സ ആനുകൂല്യത്തിന് അർഹരായിരുന്നവർക്കും പ്രധാനമന്ത്രി വയ വന്ദൻ സ്കീമിലേക്ക് മാറിയതോടെ ചികിത്സ ലഭിക്കാതായി.

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടാകാത്തതിനാൽ പോംവഴി അറിയാതെ വലയുകയാണ് വയോജനങ്ങൾ.

തിമിര ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ് ഏറ്റവും കൂടുതൽപേർ ഈ കാർഡുമായി ആശുപത്രികളിലെത്തുന്നത്. രക്തപരിശോധന അടക്കം നടത്തി അഡ്മിറ്റാകാൻ കാർഡ് കൊടുക്കുമ്പോഴാണ് പദ്ധതിയില്ലെന്ന് അറിയുന്നത്. അതോടെ പണം കൊടുത്ത് നടത്തിയ പരിശോധനകൾ പാഴാവും. ഒരു മാസത്തിനകം ശസ്ത്രക്രിയ നടത്താനായില്ലെങ്കിൽ സ്കാനിംഗ് അടക്കം വീണ്ടും നടത്തണം.

കാരുണ്യയിൽ അയോഗ്യരാവും

# സംസ്ഥാനപദ്ധതിയായ കാരുണ്യ സുരക്ഷാ പദ്ധതിയിൽ ലയിപ്പിച്ചാണ് ആയുഷ്മാൻ ഭാരത് നടപ്പാക്കേണ്ടത്.

# ആയുഷ്മാൻ വയ വന്ദനിൽ രജിസ്റ്റർ ചെയ്താൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ

അയോഗ്യരാക്കും # കാരുണ്യയിലേതുപോലെ വയ വന്ദനിലും ചികിത്സ ചെലവിന്റെ 60 ശതമാനം കേന്ദ്രവും

40 ശതമാനം സംസ്ഥാനവും വഹിക്കണമെന്നാണ് ധാരണ.

----------------------------------

ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ ചികിത്സ ലഭിക്കാതെ ആയിരക്കണക്കിനുപേർ

വലയുകയാണ്. സാങ്കേതിക തടസങ്ങളും പ്രശ്നങ്ങളും പരിഹരിച്ചില്ലെങ്കിൽ മുതിർന്ന പൗരന്മാർക്ക് ചികിത്സ ലഭിക്കാതെവരും.

- ചന്ദ്രദാസ് കേശവപിള്ള,

സാമൂഹ്യപ്രവർത്തകൻ

സംസ്ഥാന-കേന്ദ്ര സർക്കാരുകളിൽ നിന്ന് പദ്ധതി

ആരംഭിക്കാൻ യാതൊരു നിർദ്ദേശവും ലഭിച്ചിട്ടില്ല

- സ്റ്റേറ്റ് ഹെൽത്ത് ഏജൻസി