സർക്കാരിന്റെ കൺവെൻഷൻ: ജീവനക്കാർക്ക് ഡ്യൂട്ടി ലീവ്
തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണർക്ക് അമിതാധികാരം നൽകുന്ന യു.ജി.സിയുടെ കരടുനയത്തിനെതിരായ നാളെ സർക്കാർ നടത്തുന്ന കൺവെൻഷനിൽ പങ്കെടുക്കുന്ന ജീവനക്കാർക്കും അദ്ധ്യാപകർക്കും ഡ്യൂട്ടി ലീവും സർട്ടിഫിക്കറ്റും നൽകും. വിദ്യാർത്ഥികൾക്ക് ഹാജരും നൽകും. ഇതിനായി സർക്കാർ ഉത്തരവിറക്കി.സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുപ്പിക്കേണ്ടവരുടെ ക്വാട്ടയും നിശ്ചയിച്ചു. കേരള സർവകലാശാല -400, കെ.ടി.യു- 100,ഓപ്പൺ- 20,ഉന്നത വിദ്യാഭ്യാസ കൗൺസിൽ-30,ഐ.എച്ച്.ആർ.ഡി-50,ഡി.സി.ഇ-50,എൽ.ബി.എസ്-50,സി-ആപ്റ്റ്-10,അസാപ്പ്-10,കെ.എസ്.എസ്.ടി.എം-10,എൻ.എസ്.എസ് വോളന്റിയർ- 100,മറ്റ് സർവകലാശാലകൾ- 25 വീതം, വിദ്യാർത്ഥികൾ- 300 ഇങ്ങനെയാണ് ക്വോട്ട. കേരള,സാങ്കേതിക സർവകലാശാലകളുടെ ഭരണനേതൃത്വം,അദ്ധ്യാപകർ,ജീവനക്കാർ,വിദ്യാർത്ഥികൾ,ഗവേഷകർ എന്നിവർ പങ്കെടുക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഓൺലൈനായി നൽകുന്ന പങ്കാളിത്ത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ഡ്യൂട്ടിലീവും ഹാജരും ലഭിക്കുക. കൺവെൻഷനിലെ ചെലവുകൾ അതത് സ്ഥാപനങ്ങൾ വഹിക്കണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.