കുടിവെള്ള ടാങ്ക് നിർമ്മാണം ആരംഭിച്ചു
കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയ്ക്ക് കീഴിൽ തൈത്തോടം കുടിവെള്ള പദ്ധതിക്കുള്ള ടാങ്ക് നിർമ്മാണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. നഗരസഭ 2024-25 വർഷത്തെ വാർഷിക വികസന പദ്ധതിയിൽ ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് ടാങ്ക് നിർമ്മിക്കുന്നത്. തൈത്തോടം പ്രദേശത്തെ അമ്പതിലേറെ വീടുകളിലായി നൂറുകണക്കിന് വരുന്ന ജനങ്ങളുടെ ഏക ആശ്രയമാണ് തൈത്തോടം കുടിവെള്ള പദ്ധതി. നിലവിലുള്ള ടാങ്കിന് പകരം പുതിയ ടാങ്ക് നിർമ്മിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് പദ്ധതി വച്ചത്. ഒരു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി പുതിയ ടാങ്ക് വഴി ജലം വിതരണം ചെയ്യാൻ സാധിക്കും. വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർമാനുമായ അഷഫ് മടാൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തു . കെ.കെ. ലത്തീഫ്, വി. സലാം, മധുവായി അബ്ദുറഹ്മാൻ, കെ.ടി. ഗുലാം തങ്ങൾ, ഒ. പി.ഷാഹുൽ ഹമീദ്, പി.കെ ബഷീർ, ആലങ്ങാടൻ സലീം, മാൻതൊടിക ഇല്യാസ്, എം. യൂനുസ്, സി. ഫൈസൽ, സി.ടി.സയ്യിദലി, ബിച്ച കുറാമ്പുറം എന്നിവർ സംസാരിച്ചു.