മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ മയക്കുവെടി വച്ചു, മറ്റൊരാന കൂടെയുള്ളത് വെല്ലുവിളി

Wednesday 19 February 2025 7:43 AM IST

അതിരപ്പള്ളി: മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ കണ്ടെത്തി മയക്കുവെടി വച്ചു.7.15 ഓടെയാണ് അതിരപ്പള്ളിയിൽ ആനയെ കണ്ടെത്തി മയക്കുവെടിവച്ചത്. വെറ്റിലപ്പാറ പുഴയോട് ചേർന്ന പതിനാലാം ബ്ലോക്കിലായിരുന്നു ആനയുണ്ടായിരുന്നത്. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിനുള്ളത്.

കൊമ്പനൊപ്പം മറ്റൊരു ആനയുള്ളതു ദൗത്യത്തിനു വെല്ലുവിളിയാണ്. ആന തുരുത്തിലേക്കു നീങ്ങുകയാണെന്നു വനംവകുപ്പ് അറിയിച്ചു. മയങ്ങിയ ശേഷം ആനയെ സുരക്ഷിതമായി കോടനാട് അഭയാരണ്യത്തിൽ എത്തിക്കാനാണ് ശ്രമം. ആനക്കൂടിന്റെ പണി പൂർത്തിയായിട്ടുണ്ട്. എലിഫന്‍റ് ആംബുലന്‍സും ഇന്നലെ രാത്രിയോടെ സജ്ജമായി.

പ്ലാന്റേഷൻ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ആനയെ പിടികൂടുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനായി ഡ്രോൺ പറത്തുന്നത് തടഞ്ഞ് ഡിഎഫ്ഒ ഉത്തരവിറക്കി. ദൗത്യത്തിനായി എത്തിച്ച കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളെയും വെറ്റിലപ്പാറയിലെ അംഗൻവാടിക്ക് സമീപമാണ് പാർപ്പിച്ചിരിക്കുന്നത്.

ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ടു തുടങ്ങിയത്. 24 ന് ആനയെ പിടികൂടി ചികിത്സ നൽകിയിരുന്നു. എന്നാൽ പിന്നീട് മുറിവിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തുടരാൻ തീരുമാനിച്ചത്.