വെടിയേറ്റ കാട്ടുകൊമ്പൻ മയങ്ങി വീണു, കൂടെയുണ്ടായിരുന്ന 'ഗണപതി'യെ ഭയപ്പെടുത്തി ഓടിച്ചു

Wednesday 19 February 2025 8:46 AM IST

അതിരപ്പിള്ളി: മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പൻ മയക്കുവെടിയേറ്റതിന് പിന്നാലെ മയങ്ങിവീണു. വെടിയേറ്റതിന് ശേഷം അൽപദൂരം നടന്നുനീങ്ങിയതിന് ശേഷമാണ് കൊമ്പൻ മയങ്ങി വീണത്. കൊമ്പനെ എഴുന്നേൽപ്പിക്കാൻ ദേഹത്ത് വെള്ളമൊഴിക്കുന്നുണ്ട്. ആനയ്ക്കു ചുറ്റും മൂന്ന് കുങ്കിയാനകൾ നിലയുറപ്പിച്ചിട്ടുണ്ട്. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളാണ് കൊമ്പനെ തളയ്ക്കുന്നതിനായി എത്തിയത്. എണ്ണപ്പനത്തോട്ടത്തിലുള്ള കൊമ്പന്റെ അടുത്തേക്ക് എത്താൻ വഴി വെട്ടിത്തെളിക്കുകയായിരുന്നു.

ആനയെ ലോറിയിൽ കയറ്റി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കു മാറ്റും. ആനയെ കൊണ്ടു പോകുന്നതിനുള്ള വാഹനങ്ങൾ തയാറാണ്. മയക്കുവെടിയേൽക്കും മുൻപ് കൂടെയുണ്ടായിരുന്നു ഗണപതി എന്ന മറ്റൊരു കാട്ടാന കൊമ്പനെ കുത്തിമറിച്ചിട്ടിരുന്നു. വെടിവച്ച് ഭയപ്പെടുത്തിയാണ് ഗണപതിയെ തുരത്തിയത്. തുടർന്നാണ് മസ്‌തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചത്.

രാവിലെ 7.15 ഓടെയാണ് അതിരപ്പള്ളിയിൽ ആനയെ കണ്ടെത്തി മയക്കുവെടിവച്ചത്. വെറ്റിലപ്പാറ പുഴയോട് ചേർന്ന പതിനാലാം ബ്ലോക്കിലായിരുന്നു ആനയുണ്ടായിരുന്നത്. ഡോ. അരുൺ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിനുള്ളത്. ഉദ്യോഗസ്ഥർ അഞ്ച് ടീമുകളായി തിരിഞ്ഞാണ് ദൗത്യം. ട്രാക്കിംഗ്, സപ്പോർട്ടിംഗ്, ഡാർട്ടിംഗ്, കുങ്കി, ട്രാൻസ്‌പോർട്ടേഷൻ എന്നിങ്ങനെയാണ് ടീമുകളെ തരം തിരിച്ചത്. പ്ലാന്റേഷൻ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ടു തുടങ്ങിയത്. 24 ന് ആനയെ പിടികൂടി ചികിത്സ നൽകിയിരുന്നു. എന്നാൽ പിന്നീട് മുറിവിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തുടരാൻ തീരുമാനിച്ചത്.