സ്വർണവില 65,000 കടക്കാൻ ദിവസങ്ങൾ മാത്രം? ഇന്നുണ്ടായത് വൻ കുതിപ്പ്, കാത്തിരുന്ന വാർത്ത ഇനിയുണ്ടാകില്ലേ

Wednesday 19 February 2025 10:37 AM IST

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 520 രൂപ വർദ്ധിച്ച് 64,280 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 8,035 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,765 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്ന് 63,760 രൂപയായിരുന്നു. ഈ മാസം രണ്ടാമത്തെ തവണയാണ് ഒരു പവൻ വില 64,000 കടക്കുന്നത്.

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകളും വിവിധ കേന്ദ്രബാങ്കുകളും ആവേശത്തോടെ സ്വർണം വാങ്ങികൂട്ടുകയാണ്. ഇന്ത്യയിലും ചൈനയിലും വിവാഹ സീസൺ ആരംഭിച്ചതോടെ സ്വർണ ഉപഭോഗം കൂടിയതും വിലയിൽ കുതിപ്പുണ്ടാക്കി. അമേരിക്കൻ ഡോളറിന് ബദലായ ആഗോള വിനിമയ ഉപാദി എന്ന നിലയിലാണ് സ്വർണത്തിന് പ്രിയമേറുന്നത്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് കൂടുന്നതും വില വർദ്ധനയ്ക്ക് കാരണമായി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര തീരുവ യുദ്ധവും ചൈനയുടെ പുതിയ സാമ്പത്തിക തന്ത്രങ്ങളും സ്വർണ വില ഇനിയും ഉയരുന്നതിന് കാരണമാകുമെന്നാണ് കരുതുന്നത്. നിലവിലെ ട്രെൻഡ് തുടർന്നാൽ ഫെബ്രുവരി അവസാനത്തോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,000 രൂപയിലെത്തിയേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര സ്വർണവില ഔൺസിന് മൂവായിരം ഡോളർ കവിഞ്ഞ് മുന്നേറാൻ ഇടയുണ്ടെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

ഇന്നത്തെ വെളളിവില

സംസ്ഥാനത്തെ വെളളിവിലയിൽ ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഒരു ഗ്രാം വെളളിയുടെ വില 108 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 108,000 രൂപയുമാണ്.