തണ്ണിമത്തനല്ല,​ വേനൽക്കാലത്ത് ആവശ്യക്കാരേറെയുള്ള മറ്റൊന്ന്; വെറും 40 ദിവസം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം

Wednesday 19 February 2025 2:27 PM IST

മാള: കത്തുന്ന ചൂടിനു ആശ്വാസമായി ശരീരത്തിനും മനസിനും കുളിർമയേകി പൊട്ടുവെള്ളരിയുടെ വിളവെടുപ്പ് അഷ്ടമച്ചിറയിലെ സിനോജിന്റെ തോട്ടത്തിൽ തുടങ്ങി. ദാഹവും വിശപ്പും ഒരേസമയം ശമിപ്പിക്കുന്ന പൊട്ടുവെള്ളരി കനത്തെ ചൂടിനെ പ്രതിരോധിക്കാൻ പ്രകൃതി നൽകിയ അപൂർവ്വ കനിയാണ്.

തനത് രുചിയും ഔഷധ ഗുണങ്ങളും ഒത്തുചേർന്ന വെള്ളരി കൊടുങ്ങല്ലൂരിന്റെ പരമ്പരാഗത വിളയായിരുന്നെങ്കിലും ഇപ്പോൾ മാളയിലും സമീപ പ്രദേശങ്ങളിലും സിനോജിനെ പോലുള്ള കർഷകർ പറമ്പിലും പാടത്തും വിജയകരമായി കൃഷി ചെയ്തുവരുന്നു. വെള്ളരിവർഗത്തിൽ പെട്ട പൊട്ടുവെള്ളരി ബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസ്യം, വൈറ്റമിൻ സി എന്നിവയാൽ സമ്പന്നമാണ്. ഒരു ഗ്ലാസ് പൊട്ടുവെള്ളരി ജ്യൂസ് കുടിച്ചാൽ രണ്ടുനേരം ഭക്ഷണം കഴിച്ചില്ലെങ്കിലും ക്ഷീണം തോന്നില്ല മൂത്ത പഴുത്ത പൊട്ടു വെള്ളരിയുടെ കാമ്പ് വേർതിരിച്ചെടുത്ത് വെറുതെ പഞ്ചസാരയും ചേർത്ത് ഉടച്ചാൽ ജ്യൂസ് പരുവത്തിൽ ആകും എന്നതും ഇതിന്റെ പ്രത്യേകതയാണ്.

കൃഷിരീതി എങ്ങനെ..?

വിത്ത് ഇട്ടാൽ 40 ദിവസം മുതൽ വിളവെടുപ്പ് തുടങ്ങാം. നവംബർ മുതൽ മേയ് മാസം വരെയാണ് കൃഷിയുടെ സീസൺ. ചെടികൾക്ക് പരമ്പരാഗത രീതിയിൽ കപ്പലണ്ടി പിണ്ണാക്ക് പൊടിച്ചതും ഫാക്ടംഫോസും പൊട്ടാഷും രണ്ടുതവണയായി ചുവട്ടിൽ നൽകി മണ്ണിട്ട് കൊടുക്കും. പ്രകൃതിദത്ത കീടനാശിനികൾക്ക് പ്രാധാന്യം നൽകി രോഗങ്ങളെ നിയന്ത്രിക്കുന്നു.

കൊടുങ്ങല്ലൂർ

പൊട്ടുവെള്ളരിക്ക് ഭൗമസൂചികാ പദവി ലഭിച്ചതോടെ കർഷകർ കൂടുതൽ ഉത്സാഹത്തോടെ ഈ കൃഷിയിലേക്ക് കടന്നു വരികയാണ്. കാലാവസ്ഥ അനുകൂലമായാൽ ഒരു ഏക്കർ ഭൂമിയിൽ നിന്നും ലക്ഷത്തിലേറെ രൂപ ലാഭം നേടാം. വിളവെടുക്കുന്ന പൊട്ടുവെള്ളരി മുഴുവനായും മൊത്തക്കച്ചവടക്കാർക്ക് നൽകുകയാണ് പതിവ്.