ഐ.ബി.എ അവാർഡിൽ തിളങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്
കൊച്ചി: സാങ്കേതിക അധിഷ്ഠിത പ്രാഗത്ഭ്യത്തിനും സേവനങ്ങളിലെ മികവിനുമുള്ള 2024ലെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ(ഐ.ബി.എ) ടെക്നോളജി അവാർഡിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് പുരസ്കാരത്തിളക്കം. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് നൂതന സാമ്പത്തിക സേവനങ്ങൾ നൽകിയതിനാണ് മുംബയിൽ നടന്ന ഇരുപതാമത് ഐ.ബി.ഐ അവാർഡ് ചടങ്ങിൽ അംഗീകാരം . സമൂഹത്തിൽ എല്ലാവരെയും ഉൾപ്പെടുത്തി ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്കുള്ള അവാർഡിൽ രണ്ടാം സ്ഥാനവും ബാങ്ക് നേടി. ഡിജിറ്റൽ സെയിൽസ്, പേയ്മെന്റ്സ് ആൻഡ് എൻഗേജ്മെന്റ്, ഐ.ടി റിസ്ക് മാനേജ്മന്റ്, ധനകാര്യ സേവനങ്ങൾ എന്നിവയിലെ മികച്ച പ്രകടനത്തിന് സൗത്ത് ഇന്ത്യൻ ബാങ്ക് പ്രത്യേക പരാമർശം നേടി. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകൾ പങ്കെടുത്ത ചടങ്ങിൽ അഭിമാനകരമായ നേട്ടമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വന്തമാക്കിയത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനിൽ നിന്ന് തുടർച്ചയായി അംഗീകാരം ലഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.