പി.എസ്.സി അംഗങ്ങൾക്ക് ശമ്പളം, പെൻഷൻ വാരിക്കോരി
തിരുവനന്തപുരം: മുപ്പതിനായിരത്തോളം ആശാവർക്കർമാർ തുച്ഛ വേതന വർദ്ധനയ്ക്ക് രാപകൽ സമരം ചെയ്യുന്നത് അഹങ്കാരം. അതേസമയം, രാഷ്ട്രീയ നിയമനം നേടിയ പി.എസ്.സി ചെയർമാനും 21 അംഗങ്ങൾക്കും ഒന്നര ലക്ഷത്തോളം രൂപയുടെ ശമ്പള വർദ്ധന. ജനപക്ഷ ഇടതു സർക്കാർ നയം വ്യക്തമാക്കുന്നു!
ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാൻ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യം ലഭിക്കും. അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും. സർക്കാരിന് നാലര കോടിയിലേറെ രൂപയുടെ അധികബാദ്ധ്യതയുണ്ടാകും. നിലവിൽ 2. 24 ലക്ഷമാണ് ചെയർമാന്റെ ശമ്പളം. ഇത് 3.81 ലക്ഷമാവും. അംഗങ്ങളുടേത് 2.19 ലക്ഷത്തിൽ നിന്ന് 3.73 ലക്ഷവുമാകും. കേന്ദ്ര ഡി.എയാണ്. 35000 രൂപ വീട്ടുവാടക. വാഹനബത്ത 10000 രൂപ. മുൻ ചെയർമാന് നിലവിലെ പെൻഷനായ 1.25ലക്ഷം ഇരട്ടിച്ച് 2.5 ലക്ഷമാകും. അംഗങ്ങളുടെ 1.20 ലക്ഷം പെൻഷൻ 2.25 ലക്ഷമാകും. മറ്റ് സംസ്ഥാനങ്ങളിലെ സേവനവേതന വ്യവസ്ഥ പരിഗണിച്ചെന്നാണ് ന്യായം പറയുന്നത്. പക്ഷേ, കേരളത്തിൽ മാത്രമേ പി.എസ്.സിക്ക് ഇത്രയും അംഗങ്ങളുള്ളൂ. തമിഴ്നാട്ടിൽ 14, കർണാടകത്തിൽ 13, യു.പിയിൽ 6 അംഗങ്ങൾ മാത്രം. വർദ്ധനയ്ക്ക് 2016 മുതൽ മുൻകാലപ്രാബല്യം ആവശ്യപ്പെട്ടിരുന്നു. അനുവദിച്ചാൽ ചെയർമാന് 1.75 കോടിയും അംഗങ്ങൾക്ക് 1.59കോടി വീതവും ലഭിക്കും. ഇതിന് മാത്രം 35.18 കോടി വേണ്ടിവരും. സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ് (എം), എൻ.സി.പി പ്രതിനിധികളാണ് പി.എസ്.സി മെമ്പർമാർ.
ചീഫ് സെക്രട്ടറിയുടെ
ആനുകൂല്യങ്ങൾ
ചീഫ് സെക്രട്ടറിയുടെ എല്ലാ ആനുകൂല്യങ്ങളും ചെയർമാനും അംഗങ്ങൾക്കുമുണ്ട്. കുടുംബാംഗങ്ങളുടെ ചികിത്സ ഉൾപ്പെടെ സൗജന്യം.
പി.എസ്.സി അംഗങ്ങളുടെ ജോലി
തിങ്കൾ: കമ്മിഷൻ സിറ്റിംഗ് ചൊവ്വ: വിവിധ കമ്മിറ്റികളിൽ പങ്കെടുക്കണം ബുധൻ- വെള്ളി: ഇന്റർവ്യൂ ശനി: ഫയൽ നോക്കൽ
റാങ്ക് ലിസ്റ്റുകൾ നോക്കുകുത്തി
അംഗങ്ങൾക്ക് ലക്ഷങ്ങൾ നൽകുമ്പോൾ ഒട്ടുമുക്കാൽ റാങ്കു ലിസ്റ്റുകളിലും നിയമനമില്ല. സിവിൽ പൊലീസ് ഓഫീസർ (പുരുഷൻ, വനിത), കോളേജ് അദ്ധ്യാപകർ, സിവിൽ എക്സൈസ് ഓഫീസർ, കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്കുലിസ്റ്റികൾ ഇതിൽപ്പെടുന്നു. സ്റ്റാഫ് നഴ്സ് അടക്കം റാങ്കുലിസ്റ്റുകൾ മൂന്നിലൊന്നു നിയമനം പോലും നടക്കാതെ റദ്ദായി.
റാങ്ക് ലിസ്റ്റ് നിയമനം 2019 ------------35,422 2020 ------------25,914 2021 ------------26,724 2022 ------------22,393 2023 -------------25,144
ആശമാർക്ക് കുമ്പിളിൽ!
ആശാവർക്കർമാർക്ക് ഓണറേറിയം : 7000 രൂപ (സർക്കാർ പറയുന്നത്: 13,200)
ഓണറേറിയം 21,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയറ്റിനുമുന്നിൽ ഇവർ രാപകൽ സമരം നടത്തുന്നത്
62-ാം വയസിൽ വിരമിക്കുമ്പോൾ അഞ്ചു ലക്ഷവും ചോദിക്കുന്നു (നിലവിൽ ഒന്നുമില്ല)