നിക്ഷേപമെത്തിക്കാൻ കേന്ദ്രം ഒപ്പമുണ്ടാകും: പിയൂഷ് ഗോയൽ
കൊച്ചി: കേരളത്തിൽ നിക്ഷേപങ്ങൾ എത്തിക്കാൻ സമ്പൂർണ പിന്തുണ നൽകുമെന്ന് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. സംസ്ഥാനങ്ങൾ വളർന്നാലേ രാജ്യം വളരൂ.
ലോക സാമ്പത്തിക വളർച്ചയുടെ 16 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെയാണ് ലോകത്തെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ വളർന്നത്. 2027ൽ മൂന്നാം സ്ഥാനം കൈയടക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യ കുതിക്കുമ്പോൾ കേരളത്തിനും വലിയ സാദ്ധ്യതകളുണ്ട്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഇവിടെയുണ്ട്. ടൂറിസം, മാനുഫാക്ചറിംഗ്, ഫിഷറീസ്, ലോജിസ്റ്റിക്സ് രംഗങ്ങളിൽ സംസ്ഥാനം മുൻനിരയിലാണ്.
തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റെയിൽ സംസ്ഥാനത്തിന്റെ മുഖച്‌ഛായ മാറ്റും. പാലക്കാട് 1,700 ഏക്കറിൽ 3,800 കോടി ചെലവിൽ വരുന്ന സ്മാർട്ട് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് കേരളത്തിന് പുതിയ വ്യവസായ സംസ്കാരം നൽകും. ഭാരതമാല പദ്ധതിയിൽ കേരളത്തിൽ ദേശീയപാതയുടെ 1,126 കിലോമീറ്റർ വികസിപ്പിച്ചു.
മലയാളികൾ മികച്ച ബിസിനസുകാർ
സംരംഭകത്വം രക്തത്തിലുള്ളവരാണ് മലയാളികളെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. 25 വർഷം മുമ്പ് 12,000 വിദേശമലയാളികൾ ചേർന്ന് 300 കോടി നിക്ഷേപവുമായി തുടങ്ങിയ കൊച്ചി വിമാനത്താവളം ഇതിന് ഉദാഹരണമാണ്. രുചി വൈവിദ്ധ്യം, ആയുർവേദം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ കേരളം മുന്നിലാണ്. ലോകത്തിന് മുന്നിൽ വയ്‌ക്കാൻ ഒട്ടേറെ മേന്മകൾ ഇവിടെയുണ്ട്. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ കേരളത്തിന് സ്വന്തമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തെ ഷിപ്പിംഗ് രംഗത്തിന് ഉണർവേകും. ഡിജിറ്റൽ കണക്ടിവിറ്റി, മാലിന്യ സംസ്‌കരണം, റോഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ രംഗങ്ങളിൽ അവഗണിക്കാനാകാത്ത മേന്മ കേരളത്തിനുണ്ട്.