ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം മൂന്നായി, ഗുരുതര പരിക്കേറ്റ ഒരാൾ ചികിത്സയിൽ
Saturday 22 February 2025 7:04 AM IST
ഇടുക്കി: പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡ്രൈവർ എബ്രഹാമാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം.
ഇന്നലെ അർദ്ധരാത്രിയാണ് അപകടമുണ്ടായത്. നാലുപേരാണ് ജീപ്പിലുണ്ടായിരുന്നത്. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന എന്നിവർ അപകട സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഒളിമ്പ്യൻ കെഎം ബീനാ മോളുടെയും കെഎം ബിനുവിന്റെയും സഹോദരിയാണ് റീന. മറ്റൊരാൾക്കും അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. മൃതദേഹങ്ങൾ അടിമാലി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ ശബ്‌ദം കേട്ട നാട്ടുകാരാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും ഒപ്പം ചേർന്നു.