ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Saturday 22 February 2025 7:44 PM IST

പെരുമ്പാവൂർ: ഏഴ് ഗ്രാം ഹെറോയിനുമായി അസാം നൗഗാവ് ജൂരിയ സ്വദേശി മുഷറഫ് ഹുസൈനെ (33) പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടി. കുറുപ്പുംപടി നങ്ങേലിപ്പടിയിലുള്ള ടിംബർ ലാൻഡ് കമ്പനിയിൽ നിന്നാണ് അറസ്റ്റ്. കമ്പനിയിലെ ജോലിക്കാരനും ലേബർ സപ്ലൈ ചെയ്യുന്ന കോൺട്രാക്ടറുമാണ് പ്രതി. ഇതിന്റെ മറവിലായിരുന്നു വില്പന. ഒരു ബോട്ടിലിന് 700 രൂപ മുതൽ ആയിരം വരെയായിരുന്നു കച്ചവടം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.

രണ്ടുവർഷമായികമ്പനിയിൽ ജോലി ചെയ്തു വരികയാണ്. അസാമിൽ നിന്ന് ട്രെയിൻ മാർഗമെത്തിക്കുന്ന ഹെറോയിൻ അന്യസംസ്ഥാ തൊഴിലാളികൾക്ക് വിൽക്കുകയായിരുന്നു. ഹെറോയിൻ വില്പന നടത്താനുള്ള ബോട്ടിലുകളും മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ വി.എം കേഴ്‌സൺ, എസ്.ഐമാരായ എൽദോപോൾ, ശ്രീകുമാർ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ മാരായ ടി.എ. അഫ്സൽ, ബെന്നി ഐസക് , അഭിലാഷ്, അനിൽ കുമാർ, അൻസി കാസിം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.