ട്രാഫിക് നിയമ ലംഘനം , വി.ഐ.പി അകമ്പടിക്കടക്കം പൊലീസുകാർ പിഴ നൽകേണ്ട

Monday 24 February 2025 12:53 AM IST

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബിന്റെ നിർദ്ദേശം വി.ഐ.പികൾക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിലെ അമിത വേഗം,​ റെഡ് സിഗ്നൽ മറികടക്കൽ എന്നിവയ്ക്കാണ് ഇളവ്. എന്നാൽ, സീറ്റ് ബെൽറ്റും​ ഹെൽമെറ്റും ധരിക്കാതിരുന്നാൽ പിഴ ഒടുക്കണം. നിശ്ചിത സമയത്തിനുള്ളിൽ ഈ പിഴ അടച്ച് വിവരം ജില്ലാ പൊലീസ് മേധാവിമാരെ പൊലീസുകാർ അറിയിക്കണം.

പൊലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനത്തിന് നാലായിരത്തിലധികം പെറ്റികളാണ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഇതോടെ നിയമം ലംഘിച്ച പൊലീസുകാരിൽ നിന്ന് 10ദിവസത്തിനകം പിഴ ഈടാക്കണമെന്ന് ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ,​ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായതിനാൽ പൊലീസുകാർക്ക് ഇതിനുള്ള ബുദ്ധിമുട്ട് ജില്ലാ പൊലീസ് മേധാവിമാർ ഡി.ജി.പിയെ അറിയിച്ചു. ഇതോടെയാണ് വി.ഐ.പി അകമ്പടിക്കടക്കം ഇളവ് അനുവദിച്ചത്. എന്നാൽ,​ പല പൊലീസ് വാഹനങ്ങളിലും സീറ്റ് ബെൽറ്റില്ലാത്തതിനൽ അതിന് പിഴ ഈടാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പൊലീസുകാർ പറയുന്നു.