ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു,​ ദുരന്തം ആറളം ഫാമിൽ

Monday 24 February 2025 1:10 AM IST

ഇരിട്ടി (കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ കശുഅണ്ടി ശേഖരിക്കാൻ പോയ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. അമ്പലക്കണ്ടി നഗറിൽ നിന്നെത്തി 1542 പ്ലോട്ടിൽ താമസിക്കുന്ന വെള്ളി (80), ഭാര്യ ലീല (75) എന്നിവരാണ് കൊല്ലപ്പെട്ടത്.

മൃതദേഹം മാറ്റാൻ നാട്ടുകാർ സമ്മതിച്ചില്ല. രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്. ജില്ലാ കളക്ടറും വനംമന്ത്രിയും നേരിട്ട് സ്ഥലത്തെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

സണ്ണി ജോസഫ് എം.എൽ.എ വനംമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ മുൻകരുതൽ എടുക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല.

കരിക്കൻമുക്ക് അങ്കണവാടി റോഡിനോട് ചേർന്ന വെള്ളിയുടെ ബന്ധുവിന്റെ പറമ്പിലാണ് സംഭവം. കശുഅണ്ടി ശേഖരിച്ച് വിറകുകെട്ടുമായി മടങ്ങവേ, ആളൊഴിഞ്ഞ വീടിന്റെ പിന്നിൽ നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വിവരം പുറംലോകം അറിയുന്നത്. ഇരുവരും വീട്ടിലെത്താത്തതിനെ തുടർന്ന് മകളുടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് മൃതദേഹം മാറ്റാനൊരുങ്ങിയത്.

ആറളം എസ്.എച്ച്.ഒ ആൻഡ്രിക് ഡൊമിനിക്കിന്റെ നേതൃത്വത്തിൽ പൊലീസെത്തി നടത്തിയ അനുനയ നീക്കത്തിനും ജനങ്ങൾവഴങ്ങിയില്ല.

10 വർഷത്തിനിടെ ഇതുൾപ്പെടെ 14 പേരുടെ ജീവനുകളാണ് കാട്ടാനക്കലിയിൽ ആറളം ഫാമിൽ പൊലിഞ്ഞത്.

മരിച്ച ദമ്പതികളുടെ മക്കൾ: ലക്ഷ്മി, ശ്രീധരൻ, വേണു, ചാലി. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രി, നാരായണി, മിനി.

ഇ​ന്ന്ഹ​ർ​ത്താൽ കാ​ട്ടാ​ന​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ആ​റ​ളം​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ഇ​ന്ന് ​യു.​ഡി.​എ​ഫ് ​ ഹ​ർ​ത്താ​ൽ​ ​പ്രഖ്യാപി​ച്ചു. സം​ഭ​വ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​ന്ന് ​ക​ണ്ണൂ​രി​ൽ​ ​വൈകി​ട്ട് 3 ന് സർവക​ക്ഷി​യോ​ഗം​ ​ചേ​രു​മെ​ന്ന് ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ​ ​അ​റി​യി​ച്ചു.​ ​