പൾസർ സുനി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടപടി ഹോട്ടലിൽ അക്രമം നടത്തിയ കേസിൽ

Monday 24 February 2025 10:32 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ അതിക്രമം നടത്തിയെന്ന കേസിലാണ് കുറുപ്പുംപടി പൊലീസ് സുനിയെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങൾ തല്ലി തകർത്തുവെന്നുമായിരുന്നു സുനിക്കെതിരെയുളള പരാതി.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പൾസർ സുനി തെറി വിളിക്കുകയും ഭക്ഷണം വൈകിയതിന് ഹോട്ടലിലെ ഗ്ലാസുകൾ തകർത്തെന്നും എഫ്ഐആറിലുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷത്തെ ജയിൽവാസത്തിന് ശേഷം കർശന ജാമ്യ വ്യവസ്ഥയിലാണ് സുനി പുറത്തിറങ്ങിയത്. ഇതിനിടെയാണ് വീണ്ടും കേസിൽ പെട്ടിരിക്കുന്നത്. എറണാകുളം ജില്ല വിട്ട് പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത് എന്നീ ഉപാധികളാണ് കോടതി മുന്നോട്ടു വച്ചിരുന്നത്. ഇതിനുപുറമെ രണ്ട് ആൾ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സുനിയുടെ സുരക്ഷ റൂറൽ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു.