കുടിവെള്ളമില്ലാതെ പള്ളിമുരുപ്പ് : സമരത്തിന് ഒരുങ്ങി നാട്ടുകാർ
വാഴമുട്ടം - കിഴക്ക് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ആറാംവാർഡിൽ ഉൾപ്പെടുന്ന പള്ളിമുരുപ്പിൽ കുടിവെള്ളമില്ലാതെ ദാഹിച്ച് വലഞ്ഞ ജനം പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. കുടിവെള്ളം മുടങ്ങിയിട്ട് ഒരുമാസമായെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ ഒരു നടപടിയുമില്ല.
ജനപ്രതിനിധികളോടും പഞ്ചായത്ത് അധികാരികളോടും പ്രദേശവാസികൾ പരാതി പറഞ്ഞു മടുത്തു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് കുറഞ്ഞതും ജലാശയങ്ങളും കിണറുകളും വറ്റിയതും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാക്കി. ആഴ്ചയിലൊരിക്കലാണ് പലയിടങ്ങിലും ജലഅതോറിറ്റിയുടെ പൈപ്പിൽ വെള്ളം ലഭിക്കുക. ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുമെന്ന് ഭരണസമിതി അറിയിച്ചെങ്കിലും പള്ളിമുരുപ്പ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഇൗ സേവനവും ലഭ്യമല്ല. വള്ളിക്കോട് ശുദ്ധജല വിതരണ പദ്ധതിയുടെ ബൂസ്റ്റർ ടാങ്ക് പനയംകുന്ന് മുരുപ്പിലാണ്. ഇവിടെ ഒരു മോട്ടോർ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പുതിയ മോട്ടോർ സ്ഥാപിച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടായില്ല.
അതേസമയം നിരുത്തരവാദിത്വത്തോടെ പെരുമാറുന്ന വാൽവ് ഓപ്പറേറ്റർ പള്ളിമുരിപ്പിലേക്കുള്ള പൈപ്പിന്റെ വാൽവ് അടച്ചിരിക്കുന്നതിനാലാണ് വെള്ളം കിട്ടാത്തതെന്നും ആക്ഷേപമുണ്ട്.
കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളെ സംഘടിപ്പിച്ച് പഞ്ചായത്ത് ഓഫീസിന്റെയും വാട്ടർ അതോറിറ്റി ഓഫീസിന്റെയും മുന്നിൽ രാപകൽ സമരം ആരംഭിക്കും. പരീക്ഷാസമയമായതിനാൽ കുട്ടികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
എസ്.വി.പ്രസന്നകുമാർ
(ഡി.സി.സി ജനറൽ സെക്രട്ടറി)