ബി.ജെ.പിയെ സി.പി.എം വെള്ള പൂശുന്നു: ചെന്നിത്തല

Tuesday 25 February 2025 12:15 AM IST

കോഴിക്കോട്: ബി.ജെ.പിയും ആർ.എസ്.എസും ഫാസിസ്റ്റ് ശക്തികളല്ലെന്ന സി.പി.എം നിലപാട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അവരുടെ വോട്ട് നേടാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നാല് ശതമാനം വോട്ട് സി.പി.എമ്മിന് കിട്ടിയെന്നും കോൺഗ്രസ് നേതാവ് പി. ശങ്കരൻ സ്മാരക പുരസ്കാരം മുല്ലപ്പള്ളി രാമചന്ദ്രന് സമ്മാനിച്ച് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ് ഗവൺമെന്റ് വരാതിരിക്കാനാണ് സി.പി.എം ബി.ജെ.പി ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശ് കാരാട്ടുമൊക്കെ ബി.ജെ.പിയും ആർ.എസ്.എസും പുരോഗമനവാദികളാണെന്ന് എന്നു പറയുമെന്നേ നോക്കേണ്ടതുള്ളൂ. ബി.ജെ.പി ഫാസിസ്റ്റ് ശക്തിയല്ലെന്ന സി.പി.എം കരട് പ്രമേയത്തിൽ കേരളത്തിലെ പാർട്ടി നേതൃത്വം വിശദീകരണം നൽകണം. ബി.ജെ.പിയെയും ആർ.എസ്.എസിനെയും വെള്ള പൂശുന്നത് കുറേക്കാലമായി പ്രകാശ് കാരാട്ടിന്റെ രീതിയാണ്. സീതാറാം യെച്ചൂരിയുടെ മരണശേഷം കാരാട്ടിന്റെ പഴയ നിലപാട് പൊടിതട്ടിയെടുത്തിരിക്കുകയാണന്നും ചെന്നിത്തല പറഞ്ഞു.