റിമാൻഡിലായ ജോർജ് ഐ.സി.യുവിൽ, ഇ.സി.ജിയിൽ വ്യതിയാനം

Tuesday 25 February 2025 4:26 AM IST

#വാവിട്ട വാക്കിൽ കുടുങ്ങി # കീഴടങ്ങിയത് കോടതിയിൽ

കോട്ടയം : ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവും, മുൻ എം.എൽ.എയുമായ പി.സി.ജോർജ് 14 ദിവസം റിമാൻഡിൽ. ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കാേളേജ് കാർഡിയാക് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.പാലാ സബ് ജയിലിലേക്ക് മാറ്റാനായിരുന്നു ആദ്യ തീരുമാനം.

പാലാ ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ തടവുപുള്ളികൾക്കുള്ള സെല്ലിലേക്കാണ് ആദ്യം മാറ്റിയത്. അവിടത്തെ ഇ.സി.ജി പരിശോധനയെ തുടർന്നാണ് ഏഴു മണിയോടെ ഐ.സി.യുവിലേക്ക് മാറ്റിയത്.

74 കാരനായ ജോർജ് 14 വർഷമായി രാത്രി ഉറങ്ങുന്നത് ഓക്സിജൻ മാസ്കിന്റെ സഹായത്താലാണെന്നുള്ള രേഖകൾ ജാമ്യാപേക്ഷയിൽ ഹാജരാക്കിയെങ്കിലും ജഡ്ജി ആർ. കൃഷ്ണപ്രഭൻ തള്ളി.

പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച ജോർജ് നാടകീയമായി കോടതിയിൽ കീഴടങ്ങുകയായിരുന്നു. റിമാൻഡ് മാർച്ച് 10 വരെയാണെങ്കിലും ഇന്നോ, നാളെയോ വീണ്ടും ജാമ്യാപേക്ഷ നൽകിയേക്കും