വന്യജീവി ആക്രമണം: 27ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

Tuesday 25 February 2025 12:59 AM IST

തിരുവനന്തപുരം: വന്യജീവി സംഘർഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വിലയിരുത്താൻ 27ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. കാട്ടാനകളുടെ ആക്രമണം ദിനംപ്രതി രൂക്ഷമാകുകയും വനംവകുപ്പിന്റെ നടപടികൾ ഫലപ്രദമാകാത്ത സാഹചര്യത്തിലുമാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

കഴിഞ്ഞ 12ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് 10 കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പുരോഗതിയും യോഗം ചർച്ച ചെയ്യും. വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, റവന്യു, ആരോഗ്യ, ജലസേചന മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, പൊലീസ് മേധാവി, വനംവകുപ്പ്- ദുരന്തനിവാരണ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും.