കുറിപ്പടി കർശനമാക്കി: മരുന്നിൽ മലയാളിക്ക് ലാഭം 700 കോടി

Tuesday 25 February 2025 12:08 AM IST

മലപ്പുറം: ആന്റി ബയോട്ടിക്കിന് ഡോക്ടറുടെ കുറുപ്പടി ഡ്രഗ്സ് കൺട്രോൾ വിഭാഗം നിർബന്ധമാക്കുകയും മെഡിക്കൽ സ്റ്റോറുകൾ അതു പാലിക്കുകയും ചെയ്തതോടെ 700 കോടിയോളം രൂപയുടെ മരുന്നുവില്പന കേരളത്തിൽ കുറഞ്ഞു. സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ സാദ്ധ്യതയുള്ള രോഗാണുക്കൾ കൊണ്ടുള്ള അണുബാധ ഉണ്ടാകുകയും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്റി ബയോട്ടിക് വിൽപ്പന സർക്കാർ വിലക്കിയത്. ‌നിലവിലെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരുകോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.

ലൈസൻസ് സസ്പെൻഡ് ചെയ്യും

ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ സൂക്ഷിക്കണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമെതിരെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് അടക്കമുള്ള കർശന നടപടി സ്വീകരിക്കും.

മലയാളി കഴിക്കുന്നത്

15,000 കോടിയുടെ മരുന്ന്

300 കോടി:

2023-24 സാമ്പത്തിക

വർഷത്തെ വില്പനക്കുറവ്

(ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ കണക്ക് പ്രകാരം)

400 കോടിയോളം:

2024-25 വർഷത്തിലെ വില്പനക്കുറവ്

(ഓൾ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്സ്

അസോസിയേഷന്റെ കണക്ക് പ്രകാരം)

29,000:

കേരളത്തിലെ

മെഡി.സ്റ്റോറുകൾ

15,000 കോടി:

ഒരു വർഷം മലയാളികൾ

മരുന്നിനായി ചെലവിടുന്നത്

15-20 %

മലയാളി കഴിക്കുന്ന

മരുന്നുകളിലെ

ആന്റി ബയോട്ടിക്

`ആന്റി ബയോട്ടിക് വിൽപ്പന സംബന്ധിച്ച് കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ട്. എൻ.എസ്.എസ് വിദ്യാർത്ഥികൾക്കായി 340 ക്യാമ്പുകൾ നടത്തി. ഓരോ അമ്പത് കുട്ടികളും 200 വീടുകൾ സന്ദർശിച്ച് അവബോധം നൽകും.'

-കെ.സുജിത്,

സ്റ്റേറ്റ് ഡ്രഗ് കൺട്രോളർ

`സാമൂഹിക പ്രതിബദ്ധത മുൻനിറുത്തി പദ്ധതിയോട് പൂർണ്ണമായും സഹകരിക്കുന്നുണ്ട്.'

-എ.എൻ. മോഹൻ, സംസ്ഥാന പ്രസിഡന്റ്,

ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ