സർക്കാർ എന്നോട് അന്യായം കാണിക്കുന്നു: എൻ.പ്രശാന്ത്
തിരുവനന്തപുരം: സർക്കാർ അകാരണമായി തന്നോട് അന്യായം കാണിക്കുകയാണെന്ന് പരാതിപ്പെട്ട് മൂന്ന് മാസമായി സസ്പെഷനിലുള്ള ഐ.എ.എസ് ഒാഫീസർ എൻ.പ്രശാന്തിന്റെ കത്ത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് കത്ത് നൽകിയത്. മൂന്ന് വർഷമായി തന്റെ സ്ഥാനക്കയറ്റം അന്യായമായി തടഞ്ഞുവച്ചിരിക്കുകയാണ്. ഓരോ ഫയലും ഓരോ ജീവിതമാണെങ്കിൽ തന്റെ ഫയൽ ജീവനില്ലാതെ വർഷങ്ങളായി അനക്കമറ്റു കിടക്കുകയാണ്.
തനിക്കു ശേഷമുള്ള മൂന്ന് ബാച്ചുകളിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ തന്റെ ഫയൽ അനിശ്ചിതമായി തടഞ്ഞു. സെക്രട്ടറി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം അംഗീകരിച്ചതിനു പിന്നാലെയാണ് ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ പേരിൽ തനിക്കെതിരെ അന്വേഷണം ആരംഭിച്ചത്. സ്ഥാനക്കയറ്റം സംബന്ധിച്ച ഫയലിന്റെ പകർപ്പ് പലതവണ ആവശ്യപ്പെട്ടിട്ടും നൽകിയില്ല.
ചട്ടങ്ങൾ പ്രകാരം ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കണം. എന്നാൽ, 2022 നവംബറിൽ ആരംഭിച്ച അച്ചടക്കനടപടികൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് അഡിഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിനും വ്യവസായ വകുപ്പ് മുൻ സെക്രട്ടറി കെ.ഗോപാലകൃഷ്ണനുമെതിരെ ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ പേരിൽ തന്നെ സസ്പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണംപോലും നടത്താതെയും തന്റെ ഭാഗം കേൾക്കാതെയുമായിരുന്നു നടപടിയെന്നും കത്തിൽ ആരോപിച്ചു.