മാരക ലഹരി ഗുളികകളും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Tuesday 25 February 2025 12:17 AM IST
ശ്രീഹരി

കുന്നത്തൂർ: മൈനാഗപ്പള്ളിയിൽ എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിൽ 180 മാരക ലഹരി ഗുളികകളും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.തെക്കൻ മൈനാഗപ്പള്ളി ശോഭന മന്ദിരത്തിൽ ശ്രീഹരി (22),കടപുഴ കോയിക്കൽഭാഗം മുട്ടത്ത് വീട്ടിൽ രാഹുൽ രാജ് (22) എന്നിവരെയാണ് പിടികൂടിയത്.എക്സൈസ് ഇൻസ്പെക്ടർ എൻ.അബ്ദുൽ വഹാബിന്റെയും ഷാഡോ എക്സൈസ് സംഘത്തിന്റെയും നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.10 ഗുളികകൾ അടങ്ങിയ ഒരു സെറ്റിന് 1500 രൂപ നിരക്കിലും കഞ്ചാവ് പൊതി ഒന്നിന് 500 രൂപ നിരക്കിലുമാണ് പ്രതികൾ വില്പന നടത്തുന്നത്. മാനസിക വിഭ്രാന്തിയുള്ളവർ ഉപയോഗിക്കുന്ന നൈട്രോസെപാം ഇനത്തിൽപ്പെട്ട ഗുളികകളാണ് വില്പന നടത്തി വന്നിരുന്നത്. മൈനാഗപ്പള്ളി കേന്ദ്രികരിച്ച് വൻതോതിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്നതായി ലഭിച്ച പരാതിയിൽ എക്സൈസ് ഷാഡോ സംഘം രണ്ടാഴ്ച്ച നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിലാണ് പ്രതികൾ പിടിയിലായത്. കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.