കുടുംബശ്രീ 'ഓക്സെല്ലോ' ആദ്യം ശാസ്താംകോട്ടയിൽ
കൊല്ലം: ഓക്‌സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന 'ഓക്‌സെല്ലോ' സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാതല പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യഘട്ടമായി ശാസ്താംകോട്ട ബ്ലോക്കിലാണ് പ്രവർത്തനങ്ങൾ.
ഇതിന്റെ ഭാഗമായി അയൽക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയിൽ പ്രായമുള്ള മുഴുവൻ യുവതികളെയും ഉൾപ്പെടുത്തി അയൽക്കൂട്ടതലത്തിൽ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കും. അതോടൊപ്പം നേരത്തെ രൂപീകരിച്ച, നിർജ്ജീവമായ ഓക്സിലറി ഗ്രൂപ്പികൾ പുനഃസംഘടിപ്പിക്കുകയും ചെയ്യും. 10 മുതൽ 20 വരെയാണ് ഓക്സിലറി ഗ്രൂപ്പുകളുടെ അംഗസംഖ്യ. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് കുടുംബശ്രീ മുഖേന നൂതന ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
പൈലറ്റ് ബ്ലോക്കിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം അതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ, മേയ് മാസത്തോടെ ജില്ലയിലെ മുഴുവൻ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. വാർഡ് - പഞ്ചായത്ത് തലത്തിലും ഓക്‌സിലറി ഗ്രൂപ്പുകളുടെ കൺസോർഷ്യങ്ങളും രൂപീകരിക്കും. വിവിധ വകുപ്പുമായി ചേർന്നാണ് ഓക്സിലറി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത്. കുടുംബശ്രീക്ക് ശക്തമായ യുവനിരയെ വാർത്തെടുക്കുക എന്നത് ലക്ഷ്യമിട്ട് 2021 ലാണ് സംസ്ഥാനത്ത് ആദ്യമായി ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്. തുടർന്ന് ഓക്‌സോമീറ്റ്, മീറ്റ് ദ് ന്യൂ ക്യാമ്പയിനുകളും കുടുംബശ്രീ സംഘടിപ്പിച്ചിരുന്നു.
സംരംഭം, വരുമാനം
ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മികച്ച തൊഴിലവസരം, വരുമാനം
ലക്ഷ്യം സുസ്ഥിര സാമ്പത്തിക വികസനം
തദ്ദേശീയ ബിസിനസ് മാതൃകകൾ പഠിക്കാനും നവീന സംരംഭങ്ങൾ തുടങ്ങാനും അവസരം
തൊഴിൽ നൈപുണ്യ പരിശീലനവും സാമ്പത്തിക സഹായവും ലഭിക്കും
വൈജ്ഞാനിക മേഖലയിലെ തൊഴിൽ സാദ്ധ്യതകളും പ്രയോജനപ്പെടുത്തും
ക്യാമ്പയിന്റെ ഭാഗമായി ഈ മാസവും മാർച്ച് മാസവും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
കുടുംബശ്രീ അധികൃതർ