അകത്തേക്ക് കയറാനാകാതെ മുക്കാൽ മണിക്കൂറോളം പുറത്ത്
Tuesday 25 February 2025 2:15 AM IST
വെഞ്ഞാറമൂട്: അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി താൻ ആറ് പേരെ കൊന്നെന്ന വിവരം പറയുമ്പോൾ പൊലീസ് ആദ്യം അത് വിശ്വസിച്ചില്ല. പ്രതി മദ്യപിച്ചോ മയക്കു മരുന്ന് ഉപയോഗിച്ചിട്ടോ ആകാം പറയുന്നതെന്നാണ് ആദ്യം കരുതിയത്. ഒന്നമ്പരന്ന പൊലീസ് അഫാനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ കേട്ടത് സത്യമാകാൻ സാദ്ധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉടൻ ആറ്റിങ്ങൽ ഡിവൈ.എസ്.പിയെ വിവിരമറിയിച്ചു. ഡി.വൈ.എസ് പിയുടെ നേതൃത്വത്തിൽ വൈകിട്ട് ആറ് മണിയോടെ വീട്ടിലെത്തിയ പൊലീസിന് മുന്നിൽ വീണ്ടും തടസ്സമായത് വീടിനകത്ത് ഗ്യസ് തുറന്നു വിട്ടതാണ്. ഫയർ ഫോഴ്സിനെ വിളിച്ചു വരുത്തി വീട്ടിനകത്തെ വായു ശുദ്ധമാക്കി അപകടം ഇല്ലെന്നുറപ്പാക്കിയ ശേഷമാണ് അകത്തേക്ക് കയറാനായത്. ഇതു കാരണം സ്ഥലത്ത് എത്തിയിട്ടും മുക്കാൽ മണിക്കൂറോളം നേരം പൊലീസിന് വീട്ടിനുള്ളിൽ കടക്കാനാതെ പുറത്തു നിൽക്കേണ്ടി വന്നു.