ഹൈക്കോടതി നിർദ്ദേശം ലംഘിച്ച് കണ്ണൂരിൽ റോഡ് തടഞ്ഞ് സി.പി.എം ഉപരോധ സമരം

Wednesday 26 February 2025 4:53 AM IST

 നേതാക്കൾക്കെതിരെ കേസ്

കണ്ണൂർ: റോഡ് തടസപ്പെടുത്തി പൊതുയോഗങ്ങളും സമരങ്ങളും പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം ലംഘിച്ച് കണ്ണൂരിൽ സി.പി.എമ്മിന്റെ ഉപരോധ സമരം. നഗരത്തിൽ യോഗശാല റോഡിന് സമീപത്തെ ഹെഡ് പോസ്റ്റോഫീസ് ഉപരോധമാണ് നടുറോഡിൽ കസേരയിട്ടും പന്തൽകെട്ടിയും സംഘടിപ്പിച്ചത്. വേദി തയ്യാറാക്കിയതും റോഡിലേക്ക് ഇറക്കി. സമരം കാരണം ഇതുവഴിയുള്ള ഗതാഗതം തിരിച്ചു വിടേണ്ടിവന്നു. കേന്ദ്ര അവഗണനയ്ക്ക് എതിരെയായിരുന്നു സമരം.

ഗതാഗതം തടസപ്പെടുത്തി സമരം പാടില്ലെന്ന് കാട്ടി സിറ്റി പൊലീസ് കമ്മിഷണർ സി.പി.എമ്മിന് നോട്ടീസ് നൽകിയിരുന്നു. ഇത് അവഗണിച്ച് രാവിലെ എട്ടോടെയാണ് ഉപരോധം തുടങ്ങിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എം.വി.ജയരാജൻ അദ്ധ്യക്ഷനായി. എം.പ്രകാശൻ, പി.ജയരാജൻ, കെ.പി.സഹദേവൻ, എൻ.ചന്ദ്രൻ, ടി.വി.രാജേഷ്, പി.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

റോഡ് തടസപ്പെടുത്തി സമരം നടത്തിയതിന് എം.വി.ജയരാജനെ ഒന്നാം പ്രതിയാക്കി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കെ.വി.സുമേഷ് എം.എൽ.എ, വി.ശിവദാസൻ എം.പി, എൻ.ചന്ദ്രൻ തുടങ്ങി കണ്ടാലറിയുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ്.

'യാത്രാമാർഗങ്ങൾ വേറെയുണ്ട്,

ഹെഡ് പോസ്റ്റോഫീസ് വേറെയില്ല'

പൊലീസിന്റെ നോട്ടീസ് കിട്ടിയെന്നും മടക്കി പോക്കറ്റിൽ വച്ചിട്ടുണ്ടെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ജനങ്ങൾക്ക് വേണ്ടിയുള്ള സമരത്തെ പൗരാവകാശ ലംഘനമായി ചിലർ വ്യാഖ്യാനിക്കുന്നു. ഇതിന്റെപേരിൽ ഒരിക്കൽക്കൂടി ജയിലിൽ പോകാനും തയ്യാറാണ്. മാദ്ധ്യമങ്ങൾ ജഡ്ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്. ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പതിനായിരങ്ങൾ പങ്കെടുത്താൽ യാത്രയ്ക്ക് തടസമാകും. യാത്രമാർഗങ്ങൾ വേറെയുണ്ട്. ഹെഡ് പോസ്റ്റോഫീസ് വേറെയില്ല. ട്രാഫിക് നിയന്ത്രിച്ച് യാത്രാമാർഗങ്ങൾ മറ്റിടത്തേക്ക് തിരിച്ച് വിടുക എന്നത് പൗരാവകാശ ലംഘനമായി ചിലർ വ്യാഖ്യാനിക്കുന്നു. ജുഡിഷ്യറിയുടെ ആ വ്യാഖ്യാനമാണ് തെറ്റ്. സമരം നിരോധിച്ചിട്ടില്ലെന്നും പറഞ്ഞു.